ജോസഫ് ചിന്തകൾ 269: ജോസഫ് – അനുസരണയാൽ ഹൃദയത്തിൽ മറ്റു സുകൃതങ്ങളെ നട്ടുപിടിച്ചിച്ചവൻ

റോമൻ കത്തോലിക്കാ സഭയിലും പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും വിശുദ്ധനായി അംഗീകരിക്കപ്പെടുന്ന വേദപാരംഗതനായ മഹാനായ വി. ഗ്രിഗറി മാർപാപ്പയുടെ (540-604) തിരുനാൾ ദിനമാണ് സെപ്റ്റംബർ മൂന്നാം തീയതി. എ.ഡി. 590 മുതൽ 604 വരെ തിരുസഭയെ നയിച്ച പത്രോസിൻ്റെ പിൻഗാമിയാണ് ഗ്രിഗറി മാർപാപ്പ. ‘ദൈവസേവകന്മാരുടെ സേവകൻ’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്.

അനുസരണത്തെക്കുറിച്ചുള്ള ഗ്രിഗറി മാർപാപ്പയുടെ ബോധ്യം ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരമാക്കാം. അത് ഇപ്രകാരമാണ്: “അനുസരണം മാത്രമാണ് മറ്റ് ഗുണങ്ങൾ ഹൃദയത്തിൽ നട്ടുപിടിപ്പിക്കുകയും പിന്നീട് അവയെ സംരക്ഷിക്കുകയും ചെയ്യുന്നത്.”

വി. യൗസേപ്പിതാവിൻ്റെ ജീവിതവുമായി ഈ വാക്യത്തിന് വളരെ സാമ്യമുണ്ട്. ദൈവപിതാവിൻ്റെ അനുസരണമുള്ള പ്രിയപുത്രനായിരുന്നു യൗസേപ്പിതാവ്. ദൈവം അരുളിചെയ്തവ അനുസരണയോടെ അക്ഷരാർത്ഥത്തിൽ അവൻ നിറവേറ്റി. അനുസരണം ആ ഹൃദയത്തിൽ രൂഢമൂലമായിരുന്നതിനാൽ മറ്റു സുകൃതങ്ങളും യൗസേപ്പിതാവിൽ സമൃദ്ധമായി തഴച്ചുവളർന്നിരുന്നു.

യൗസേപ്പിതാവിനെ സംബന്ധിച്ച് അനുസരണം കേവലം സമ്മതം മൂളൽ മാത്രമായിരുന്നില്ല, ദൈവഹിതമനുസരിച്ചുള്ള കർമ്മമായിരുന്നു. യൗസേപ്പിതാവിനെപ്പോലെ ഹൃദയത്തിൽ അനുസരിച്ച് നമുക്കു പുണ്യത്തിൽ വളരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.