ജോസഫ് ചിന്തകൾ 268: ജോസഫ് – പരോന്മുഖതയുടെ പര്യായം

അപരന്റെ നന്മ മാത്രം മുന്നിൽ കണ്ട് ജീവിതം ക്രമീകരിക്കുമ്പോഴാണല്ലോ ജീവിതം പരോന്മുഖമാകുന്നത്. ആത്മീയജീവിതത്തിന്റെ സൗന്ദര്യവും ശക്തിയും പരോന്മുഖതയാണ്. നസറത്തിലെ എളിയ മരപ്പണിക്കാരൻ പരോന്മുഖതയുടെ വസന്തം ജീവിതത്തിൽ തീർത്ത വ്യക്തിയാണ്.

അപരന്റെ നന്മയും സുഖവും സംതൃപ്തിയുമായിരുന്നു ആ നല്ല മനുഷ്യന്റെ ജീവിതാദർശം. എവിടെ പരോന്മുഖതയുണ്ടോ അവിടെ ജീവനും സുരക്ഷിതത്വവുണ്ട്. പരോന്മുഖതയില്ലാത്ത മനുഷ്യർക്ക്, അവരുടെ കൂടെ ജീവിക്കുന്നവർക്ക് സുരക്ഷിതത്വമോ, സന്തോഷമോ നൽകാൻ കഴിയുകയില്ല. മറ്റുള്ളവരുടെ ശുശ്രൂഷയ്ക്കായി ജിവിതം സമർപ്പിക്കുന്ന പരോന്മുഖതരായ മനുഷ്യർ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഗ്യമാണ്.

ഈശോയുടെ വളർത്തുപിതാവ് യൗസേപ്പ് പരോന്മുഖതയുടെ പര്യായമായിരുന്നു. സ്വർത്ഥതയില്ലാത്തതിനാൽ തനിക്കു വേണ്ടി മാത്രം ജീവിക്കാൻ അദ്ദേഹത്തിനറിയില്ലായിരുന്നു. പരോന്മുഖനായ വ്യക്തിയുടെ സ്വഭാവത്തിന്റെ അടിസ്ഥാനസവിശേഷതകൾ വിശുദ്ധ ഗ്രന്ഥത്തിലെ യൗസേപ്പിതാവിനെക്കുറിച്ചുള്ള ആദ്യ പരാമർശത്തിൽ നിന്നു തന്നെ ലഭ്യമാണ്. “അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനായിരുന്നു. അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെട്ടില്ല” (c f. മത്തായി 1:19).

നീതിമാനും മറ്റുള്ളവർക്ക് അപമാനം വരുത്തിവയ്ക്കാത്തവനും – അതു തന്നെയല്ലേ ഒരു മനുഷ്യനെ ശ്രേഷ്ഠനാക്കുന്നത്. നീതിമാനായ യൗസേപ്പിതാവിന്റെ ജീവിതം ജോബിന്റെ പുസ്തകത്തിൽ നീതിമാനെപ്പറ്റി പറയുന്നത് സാദൂകരിക്കുന്നതാണ്: “നീതിമാന്‍ തന്റെ മാര്‍ഗ്ഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. നിര്‍മ്മലകരങ്ങളുള്ളവന്‍ അടിക്കടി കരുത്തു നേടുന്നു” (ജോബ്‌ 17:9).

ഈശോയ്ക്കും മറിയത്തിനു വേണ്ടി ജീവിച്ച യൗസേപ്പിതാവ് പരോന്മുഖരാകാനുള്ള നമ്മുടെ ജീവിതത്തെ സഫലമാക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.