ജോസഫ് ചിന്തകൾ 265: ഒന്നും മാറ്റിവയ്ക്കാതെ എന്റെ ജീവിതം നിനക്കു ഞാൻ നൽകുന്നു

“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2:14).

ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചപ്പോൾ ആർദ്രമായ ഹൃദയത്തോടെ യൗസേപ്പിതാവും മാലാഖമാരുടെ ഈ കീർത്തനം ഏറ്റുപാടിയിട്ടുണ്ടാവും. ദൈവപുത്രന്റെ മനുഷ്യവതാരത്തിൽ സഹകാരിയിരുന്നുകൊണ്ട് സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും ആഘോഷത്തിൽ അവൻ പൂർണ്ണസംതൃപ്തിയോടെ പങ്കുചേർന്നു.

പുൽക്കൂട്ടിലെ ഉണ്ണീശോയെ കണ്ട് അവന്റെ മുമ്പിൽ മുട്ടുകുത്തി സന്തോഷാശ്രുക്കളോടെ നിന്ന യൗസേപ്പിതാവിന്റെ ആത്മഗതം വി. അൽഫോൻസ് ലിഗോരി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “ഞാൻ നിന്നെ ആരാധിക്കുന്നു. സത്യമായും എന്റെ ദൈവവും നാഥനുമായ നിന്നെ ഞാൻ ആരാധിക്കുന്നു. മറിയത്തിനു ശേഷം നിന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം എത്രയധികമെന്ന് നിനക്കറിയാമോ! എന്റെ മകനെന്നു ലോകം നിന്നെ വിളിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന ആത്മനിർവൃതി എത്ര വലുതാണന്നോ.

എന്റെ മകനേ… നിന്നെ, എന്റെ ദൈവമേ പുത്രനേ എന്നു വിളിക്കാൻ എന്നെ അനുവദിച്ചാലും. നിനക്ക് എന്റെ ജീവിതം സമ്പൂർണ്ണമായി സമർപ്പിക്കുന്നു. എന്റെ ജീവിതം ഇനിമേൽ എൻ്റേതല്ല ഒന്നും മാറ്റിവയ്ക്കാതെ നിനക്കു ഞാൻ തരുന്നു.”

ദൈവശുശ്രൂഷക്കായി ഇറങ്ങിത്തിരിക്കുന്ന ഒരു വ്യക്തി മനസ്സിൽ സൂക്ഷിക്കേണ്ട ഏറ്റവും പ്രധാനമായ ജീവിതനിയമം ഒന്നും മാറ്റിവയ്ക്കാതെ ദൈവത്തിനായി സമ്പൂർണ്ണമായി സമർപ്പിക്കുക എന്നതാണ്.

യൗസേപ്പിതാവേ, നിന്റെ മഹനീയമാതൃക അനുസരിച്ച് ഒന്നും മാറ്റിവയ്ക്കാതെ ദൈവശുശ്രൂഷക്കായി ഞങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.