ജോസഫ് ചിന്തകൾ 263: ദൈവവുമായി സ്നേഹത്തിലായ യൗസേപ്പിതാവ്

ആഗസ്റ്റ് ഇരുപത്തിയെട്ടാം തീയതി സഭാപിതാവും മെത്രാനുമായിരുന്ന വി. ആഗസ്തിനോസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. തിരുസഭാ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീനം ചെലുത്തിയ ദൈവശാസ്ത്രജ്ഞനായ വി. ആഗസ്തിനോസ് ദൈവത്തിനായി അലഞ്ഞു അവസാനം തൻ്റെ ഉള്ളിൽ അവനെ കണ്ടെത്തിയപ്പോൾ ഇപ്രകാരം എഴുതി: “ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ഏറ്റവും വലിയ പ്രേമം. അവനെ അന്വേഷിക്കുകയാണ് ഏറ്റവും വലിയ സാഹസികത. അവനെ കണ്ടെത്തുകയാണ് മനുഷ്യൻ്റെ ഏറ്റവും വലിയ നേട്ടം.”

ആഗസ്തിനോസിനു നാലു നൂറ്റാണ്ടുകൾക്കു മുമ്പ് ദൈവവുമായി സ്നേഹത്തിലാകുന്നതാണ് ജിവിതത്തിൻ്റെ സൗന്ദര്യം എന്നു തിരിച്ചറിഞ്ഞ ഒരു സാധാരണക്കാരൻ നസറത്തിൽ വസിച്ചിരുന്നു. അതിനായി ഏതു വിട്ടുവീഴ്ചക്കും അവൻ തയ്യാറായി. ബോധപൂർവ്വം അപമാനം സ്വീകരിക്കാൻ തയ്യാറായി. ഒരിക്കലും ദൈവവഴിയിൽ നിന്ന് അകന്നുപോയില്ല. അവൻ്റെ പേരാണ് ജോസഫ്. പരിശുദ്ധ ത്രിത്വവുമായി സ്നേഹത്തിലായ അവൻ ദൈവപുത്രനു വേണ്ടി അലയാൻ ഒരു മടിയും കാണിച്ചില്ല . ഈശോയ്ക്കു വേണ്ടി ഉറക്കത്തിലും അവൻ ഉണർവുള്ളവനായി. അവൻ പദചലങ്ങൾ തീർത്ഥാടനമാക്കി.

ഒരു വ്യക്തിയെ മനസ്സിലാക്കാൻ ആഗസ്തിനോസ് നിർദ്ദേശിക്കുന്ന ഫോർമുല ഇപ്രകാരമാണ്: “ഒരു വ്യക്തിയുടെ സ്വഭാവം കണ്ടെത്തുന്നതിന് അവൻ സ്നേഹിക്കുന്നതിനെ നമ്മൾ നിരീക്ഷിച്ചാൽ മതി.” ഈ ഫോർമുല യൗസേപ്പിതാവിൻ്റെ ജീവിതവുമായി ചേർത്തുവച്ചാൽ യൗസേപ്പിതാവിൻ്റെ സ്വഭാവം മനസ്സിലാക്കാൻ ആ പിതാവു സ്നേഹിച്ച ദൈവപിതാവിലേക്ക് അല്ലെങ്കിൽ ഈശോയിലേക്കു നോക്കിയാൽ മതി.

ദൈവത്തിൻ്റെ സ്വഭാവഗുണങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങിയ യൗസേപ്പിതാവിനെ നമ്മുടെ മദ്ധ്യസ്ഥനും സഹകാരിയുമാക്കി നമുക്കു സന്തോഷത്തോടെ സ്വീകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.