ജോസഫ് ചിന്തകൾ 26: ഉണ്ണീശോയുടെ സഹയാത്രികൻ

പഴയ നിയമത്തിൽ, രാത്രിയില് അഗ്നിസ്തംഭമായും പകല് മേഘത്തൂണായും ഇസ്രായേല് ജനത്തോടൊപ്പം സഞ്ചരിച്ച ദൈവം (പുറ. 13:21) പുതിയ നിയമത്തിൽ മനുഷ്യവംശത്തോടൊപ്പം യാത്ര ചെയ്യാൻ മനുഷ്യനായി ഈ ഭൂമിയിൽ അവതരിക്കുന്നു. അതിന്റെ ദൃശ അടയാളമാണല്ലോ മനുഷ്യവതാരം ചെയ്ത ഉണ്ണിമിശിഹാ.

മനുഷ്യരോടൊപ്പം സഞ്ചരിച്ച ദൈവപുത്രന്റെ ഭൂമിയിലെ ആദ്യ സാഹയാത്രികനായിരുന്നു ജോസഫ്. സഹയാത്രികന്റെ ഏറ്റവും വലിയ ദൗത്യം, സാഹചര്യങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും കൂടെ ചരിക്കുക എന്നതാണ്. മനുഷ്യവതാര രഹസ്യത്തിൽ കാര്യങ്ങൾ അനുകൂലമായപ്പോഴും പ്രതികൂലമായപ്പോഴും ചഞ്ചലചിത്തനാകാതെ കൂടെ സഞ്ചരിച്ച നിരന്തര സാന്നിധ്യത്തിന്റെ പേരാണ് ജോസഫ്.

സഹയാത്രികന്റെ സാമീപ്യമാണ് യാത്രയുടെ ദൈർഘ്യം കുറയ്ക്കുന്നതും യാത്രയെ മാധുര്യമുള്ളതാക്കുന്നതും. സഹയാത്രികൻ ഒരർത്ഥത്തിൽ സുരക്ഷയും പരിചയുമാണ്. കൂടെ നടക്കുന്നവന്റെ മനോഹിതം അറിഞ്ഞ് കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ സഹയാത്രികൻ. ദൈവപുത്രനായ ഉണ്ണിയേശുവിന്റെ ഹിതമറിഞ്ഞ് നിഴൽപോലെ കൂടെ നടന്ന ജോസഫ്, ക്രിസ്തുവിൽ വിശ്വസിക്കുന്നവരുടെയെല്ലാം സഹയാത്രികനാണ്.

മുൻപിൽ നിന്നു നയിക്കുന്നവരുടെയും പിറകിൽ നിന്നു വിമർശക്കുന്നവരുടെയും ബാഹുല്യം മനസ്സിനെ തളർത്തുന്ന ഈ കാലത്ത് കൂടെനടക്കുന്ന സഹയാത്രികരെയാണ് മനുഷ്യന് ഇന്നാവശ്യം. ചിരിക്കുമ്പോള് കൂടെ ചിരിക്കുന്നവനും കരയുമ്പോള് കൂടെ കരയുന്നവനും നിഴല്പോലെ അനുഗമിക്കുന്നവരുമായവർ. ഉണ്ണീശോയുടെ സഹയാത്രികൻ അതിനു നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.