ജോസഫ് ചിന്തകൾ 259: ജോസഫ് – ദൈവപിതാവ് കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരൻ

ആഗസ്റ്റ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ വി. ബര്‍ത്തലോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു. ചില ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, വി. യോഹന്നാന്റെ സുവിശേഷത്തില്‍ പരാമർശിക്കപ്പെടുന്ന നഥാനിയേല്‍ വി. ബര്‍ത്തലോമിയോ എന്നാണ്.

ഈശോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഈശോ അവനെ വിശേഷിപ്പിക്കുക “ഇതാ, നിഷ്കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍” എന്നാണ്. “നഥാനയേല്‍ തന്റെ അടുത്തേക്ക് വരുന്നതു കണ്ട്‌ യേശു അവനെപ്പറ്റി പറഞ്ഞു: ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍” (യോഹ. 1:47).

ദൈവപുത്രൻ കണ്ട നിഷ്‌കപടനായ മനുഷ്യൻ നഥാനയേൽ ആയിരുന്നെങ്കിൽ ദൈവപിതാവ് കണ്ട നിഷ്കപടനായ ഇസ്രായേൽക്കാരനായിരുന്നു യൗസേപ്പിതാവ്. തന്റെ പ്രിയപുത്രനെ ലോകരക്ഷയ്ക്കായി ഭൂമിയിലേക്ക് അയക്കാൻ തീരുമാനിച്ചപ്പോൾ സ്വർഗ്ഗീയപിതാവിന്റെ കണ്ണുകൾ ഉടക്കിയത് നസറത്തിലെ നിഷ്കപടനായ യൗസേപ്പിതാവിലായിരുന്നു. ആ ദൗത്യം ആ പിതാവ് ഭംഗിയായി നിറവേറ്റി. ദൈവം നിഷ്കപടരായി കാണുന്ന മനുഷ്യർ ശരിക്കും ഭാഗ്യവാന്മാർ. അവരയല്ലേ നമ്മൾ യഥാർത്ഥത്തിൽ മാതൃകയാക്കേണ്ടതും അനുകരിക്കേണ്ടതും.

നീതിയുടെ മാനദണ്ഡമായി സങ്കീർത്തകൻ ചൂണ്ടിക്കാണിക്കുന്ന ഒരു ഗുണം നിഷ്കളങ്കതയാണ്. “നിഷ്‌കളങ്കനായി ജീവിക്കുകയും നീതി മാത്രം പ്രവര്‍ത്തിക്കുകയും ഹൃദയം തുറന്നു സത്യം പറയുകയും ചെയ്യുന്നവന്‍” (സങ്കീ. 15:2). നീതിമാനായ യൗസേപ്പിതാവ് നിഷ്കളങ്കതയിലൂടെ ദൈവപിതാവിനു പ്രീതനായതുപോലെ കളങ്കമില്ലാതെ ജീവിച്ച് ഈശോയ്ക്കു ഇഷ്ടപ്പെട്ടവരാകാൻ നമുക്കു പരിശ്രമിക്കാം. അതിനായി മാർ യൗസേപ്പിതാവും ബർത്തിലോമിയോ ശ്ലീഹായും നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.