ജോസഫ് ചിന്തകൾ 255: ബർണാര്‍ഡ് ദിനത്തിലെ ചില യൗസേപ്പ് ചിന്തകൾ

ആഗസ്റ്റ് 20 -ന് കത്താലിക്കാ സഭ വേദപാരംഗതനായ ക്ലെയർവോയിലെ വി. ബർണാർഡിന്റെ (1090- 1153) തിരുനാൾ ആഘോഷിക്കുന്നു. സിസ്റ്റേർസിയൻ (Cistercian) സഭാംഗമായിരുന്ന ബർണാർഡ്, പന്ത്രണ്ടാം നൂറ്റാണ്ടിൽ യൂറോപ്പിലാകമാനം സത്യവിശ്വാസം കലർപ്പില്ലാതെയും വിശ്വസ്തതയോടെയും പഠിപ്പിക്കുന്നതിലും കേൾവിക്കാരെ അതുവഴി പ്രാർത്ഥതനയിലേക്ക് നയിക്കുന്നതിലും വിജയിച്ചിരുന്നു. ഇന്നത്തെ ജോസഫ് ചിന്ത ബർണാര്‍ഡിന്റെ ചില ജീവിതദർശനങ്ങൾ ആകട്ടെ…

നന്ദിയില്ലായ്മ ആത്മാവിന്റെ ശത്രുവാണ്. സ്നേഹത്തിന്റെ ഉറവിടത്തേയും കാരുണ്യത്തിന്റെ മഞ്ഞിനെയും കൃപയുടെ ഉറവകളെയും ഉണക്കുന്ന ഉഷ്ണക്കാറ്റാണ് നന്ദികേട് എന്ന് ബർണാർഡ് പഠിപ്പിക്കുന്നു. കൃതജ്ഞത ജിവിതത്തിന്റെ ജീവരസമാക്കിയ മനുഷ്യനായിരുന്നു യൗസേപ്പിതാവ്. അതിനാൽ സ്നേഹവും കാരുണ്യവും അവനിൽ നിന്നു ധാരാളമായി പ്രവഹിച്ചു. ദൈവത്തോടും ദൈവം ഭരമേല്പിച്ചവരോടും കൃതജ്ഞത പുലർത്തിയ യൗസേപ്പിനെ സ്വർഗ്ഗത്തിൽ അനുഗ്രഹങ്ങളുടെ വിതരണക്കാരനായി ഉയർത്തി.

ദൈവത്തിന്റെ രൂപം നിങ്ങളിൽ പുനർജനിക്കുമ്പോൾ ദൈവം നിങ്ങളിൽ ദൃശ്യമാകും എന്നത് ബർണാര്‍ഡിന്റെ മറ്റൊരു പ്രബോധനമാണ്. ദൈവത്തിന്റെ കാരുണ്യവും സ്നേഹവും യൗസേപ്പിതാവിൽ സദാ പുനർജനിച്ചപ്പോൾ ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധി ആകാൻ അവനു തെല്ലും ക്ലേശിക്കേണ്ടി വന്നില്ല. “ഈശോ എനിക്ക് വായിൽ തേനും ചെവിയിൽ സംഗീതവും ഹൃദയത്തിൽ ഒരു ഗാനവുമാണ്” – ക്രിസ്തുവിജ്ഞാനത്തിൽ അവഗാഹം തേടിയിരുന്ന വി. ബർണാഡിൻ്റെ മറ്റൊരം ഉൾക്കാഴ്ചയാണിത്.

ജീവിതത്തിന്റെ സകല മേഖലകളിലും ഈശോയെ പ്രതിഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുഭവിക്കുന്ന സംതൃപ്തിയുടെ പ്രകടമായ ആവിഷ്ക്കാരമാണ് ഈ വാക്യം. ഈശോയിൽ സംതൃപ്തി കണ്ടെത്തിയ യൗസേപ്പിതാവിലും ഈ ആത്മസംതൃപ്തി നമുക്കു കണ്ടെത്താൻ കഴിയും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.