ജോസഫ് ചിന്തകൾ 254: സൂര്യനെപ്പോലെയുള്ള വി. യൗസേപ്പിതാവ്

വി. യൗസേപ്പിതാവ് ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും സാന്നിധ്യത്തിൽ നിരന്തരമായ പ്രാർത്ഥനയിലും വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും സമർപ്പണബുദ്ധിയിലും ദൈവഹിതത്തിന് പ്രീതികരമായ ജീവിതം നയിച്ചു. വിശുദ്ധർക്ക് സ്വർഗ്ഗത്തിൽ ലഭിക്കുന്ന പ്രതിഫലം ജീവിതകാലത്ത് അവരുടെ സത്പ്രവർത്തികൾക്ക് അനുരൂപമായി പൊരുത്തപ്പെടുന്നതിനാൽ വി. യൗസേപ്പിതാവിന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന മഹത്വം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മഹാനായ വി. ആഗസ്തിനോസ് മറ്റ് വിശുദ്ധന്മാരെ നക്ഷത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യൗസേപ്പിതാവിനെ സൂര്യനായിട്ടാണ് കാണുന്നത്. സൂര്യപ്രകാശം ജീവൻ നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമായതു പോലെ ആത്മീയജീവിതം സജീവമായി നിലർത്താൻ യൗസേപ്പിതാവിനോടുള്ള ഭക്തി നമ്മെ സഹായിക്കും.

പരിശുദ്ധ കന്യകാമറിയം കഴിഞ്ഞാൽ, വി. യൗസേപ്പിതാവ് യോഗ്യതയിലും മഹത്വത്തിലും മറ്റു വിശുദ്ധരെയെല്ലാം അതിലംഘിക്കുന്നു. തന്റെ ഭക്തർക്കായി യൗസേപ്പിതാവ് എന്തെങ്കിലും കൃപ ആവശ്യപ്പെടുമ്പോൾ അവന്റെ പ്രാർത്ഥനകൾക്ക് ഈശോയോടും മറിയത്തോടുമുള്ള പ്രത്യേകമായ ഒരു കൽപനയുടെ ശക്തിയുണ്ടെന്ന് വി. ബർണാഡിൻ ഡി ബുസ്റ്റിസ് പഠിപ്പിക്കുന്നു.

യൗസേപ്പിതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥനക്ക് ഇരട്ടിശക്തിയുണ്ട്. അതിനാൽ ആ സ്നേഹപിതാവിന്റെ ശക്തിയേറിയ മദ്ധ്യസ്ഥതയുടെ കരങ്ങളിൽ നമുക്ക് അഭയം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.