ജോസഫ് ചിന്തകൾ 250: ജോസഫ് – പൂർണ്ണസ്വാതന്ത്ര്യം അനുഭവിച്ച മനുഷ്യൻ

2021 ആഗസ്റ്റ് മാസം പതിനഞ്ചിന് ഭാരതം അവളുടെ 75 -ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ അവസരത്തിൽ ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യത്തിന്റെ വിലയും മഹത്വവും മാനവരാശിയെ പഠിപ്പിക്കുന്ന യൗസേപ്പിതാവിലേക്ക് നമ്മുടെ മിഴികൾ തുറക്കാം.

ദൈവമക്കളുടെ സ്വാതന്ത്ര്യം പൂർണ്ണതോതിൽ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. തന്നിഷ്ടം പോലെ ജീവിക്കുന്നതിലല്ല, ദൈവികപദ്ധതിയോടു സഹകരിക്കുന്നതിലാണ് യഥാര്ത്ഥ സ്വാതന്ത്ര്യം അടങ്ങിയിരിക്കുന്നത്. ഈശോ ലോകത്തെ രക്ഷിച്ചത് അനുസരണത്തിലൂടെയാണ്. ഈശോയുടെ വളർത്തുപിതാവ് സ്വാതന്ത്ര്യം അനുഭവിച്ചത് ദൈവഹിതം എല്ലാ കാര്യത്തിലും നിർവ്വഹിച്ചുകൊണ്ടാണ്. അതിന് സ്വർഗ്ഗം നൽകിയ സമ്മാനമാണ് യൗസേപ്പിതാവിന്റെ സ്വർഗ്ഗത്തിലെ ഉന്നതമായ പദവി.

സത്യത്തില്നിന്നാണല്ലോ യഥാര്ത്ഥത്തില് സ്വാതന്ത്ര്യം ഉയിര്ക്കൊള്ളുന്നത്. സത്യദൈവമായ ദൈവപുത്രനെ പരിപാലിച്ചതു വഴി സ്വാതന്ത്ര്യം യൗസേപ്പിതാവിന്റെ ജീവിതസഹചാരിയായി. സത്യമില്ലാത്തവരുടെ ജീവിതത്തിൽ എന്നും അങ്കലാപ്പും ഉത്കണ്ഠയുമായിരിക്കും. സത്യദൈവത്തിന്റെ പാതയിൽ നടന്ന യൗസേപ്പിതാവിന്റെ ജീവിതത്തിൽ കാറ്റും കോളും ഉണ്ടായിട്ടും പതറിയില്ല. കാരണം സത്യം അവനെ എല്ലായ്പ്പോഴും സ്വതന്ത്രനാക്കിയിരുന്നു.

രവീന്ദ്രനാഥ് ടാഗോർ ഗീതാജ്ഞലിയിൽ വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം നൂറ്റാണ്ടുകൾക്കു മുമ്പേ അനുഭവിച്ച വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവമക്കളുടെ സ്വാതന്ത്ര്യം അനുഭവിച്ച യൗസേപ്പിതാവിന്റെ മനസ്സ് ഭയത്തില് നിന്നു വിമുക്തമായിരുന്നു. ദൈവഹിതം മാത്രം പിന്തുടർന്ന അവന്റെ ശിരസ്സ് എന്നും ഉയര്ന്നു തന്നെ നിന്നു. സത്യം ജീവിതത്തിൽ സ്വാതന്ത്ര്യം സമ്മാനിച്ചപ്പോൾ വിശാലചിന്തയാലും കര്മ്മത്താലും മനസ്സിനെ അവിരാമം മുന്നോട്ടു ചരിക്കാൻ ആ പിതാവിനു സാധിച്ചു.

ഹൃദയത്തെ അടിമപ്പെടുത്തുന്ന പകയും വൈരാഗ്യവും വെടിഞ്ഞ് ദൈവഹിതത്തോടുള്ള പരിപൂര്ണ് ണവിധേയത്വത്തിൽ ജീവിതത്തെ വീണ്ടും ക്രമപ്പെടുത്താം. ‘ദൈവമക്കളുടെ സ്വാതന്ത്ര്യം ലഭിക്കാന് പാപത്തില് നിന്നകലുക’ എന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം ഈ സ്വാതന്ത്ര്യദിനത്തിൽ നമുക്കു വീണ്ടും വഴിവിളക്കാകട്ടെ.

ഫാ.ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.