ജോസഫ് ചിന്തകൾ 247: ജോസഫ് – ഈശോ അഭിനിവേശമായവൻ

ജർമ്മൻ കത്തോലിക്കാ രൂപതകളിൽ ആഗസ്റ്റ് മാസം പന്ത്രണ്ടാം തീയതി വാഴ്ത്തപ്പെട്ട കാൾ ലൈസനർ (1915-1945) എന്ന വൈദികന്റെ ഓർമ്മദിനം ആഘോഷിക്കുന്നു. നാസി തടങ്കൽപ്പാളയത്തിൽ രഹസ്യമായി പൗരോഹിത്യം സ്വീകരിച്ച  വ്യക്തിയായിരുന്നു ഫാ. കാൾ.

ജർമ്മനയിലെ ബവേറിയ സംസ്ഥാനത്ത് ദാഹാവിൽ ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽപ്പാളയത്തിലെ പ്രീസ്റ്റ് ബ്ലോക്കിലെ ചാപ്പലിൽ 1944 ഡിസംബർ 17 -ന് ആഗമനകാലത്തെ മൂന്നാമത്തെ ഞായറാഴ്ച ബിഷപ്പ് ഗബ്രിയേൽ പിഗുവറ്റാണ് കാളിനെ ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷേകം ചെയ്തത്. ഡിസംബർ 26 -ന് വി. സ്റ്റീഫന്റെ തിരുനാൾ ദിനത്തിൽ കാൾ തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചു.

ഈ വർഷം ജൂൺ 23 -ന് (1996 ജൂൺ 23) കാൾ ലൈസനറിനെ ജോൺപോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തിയതിന്റെ രജത ജൂബിലി വർഷമായിരുന്നു.

ഈശോയെ ജീവിതത്തിന്റെ സർവ്വസ്വവുമായി കണ്ട കാൾ, 1934 മെയ് 1 -ന് തന്റെ ഡയറിയിൽ എഴുതി: “ക്രിസ്തുവേ, നീ എന്റെ അഭിനിവേശമാണ് (Passion)! ക്രിസ്തുവേ, വൈമനസ്യം കാണിക്കാതെ ഞാൻ നിനക്ക് എന്റെ ജീവിതം നൽകുന്നു. ഈ ജീവിതത്തിൽ എന്തുചെയ്യണമെന്ന് നീ മാത്രം തീരുമാനിച്ചാലും, ഫിയാത്ത്.”

ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കണ്ട വ്യക്തിയായിരുന്നു യൗസേപ്പിതാവ്. മനുഷ്യന്റെ ബോധത്തിന്റെ തലത്തിൽ ഉയർന്നുവരുന്ന ശക്തമായ ബോധ്യത്തിന്റെയും കാഴ്ചപ്പാടുകളുടെയും ബഹിർസ്ഫുരണമാണല്ലോ അഭിനിവേശം. ജിവിതവിജയത്തിന് ആവശ്യമായ പോസറ്റീവ് എനർജി അതു നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഈശോയെ ജീവിതത്തിന്റെ അഭിനിവേശമായി കരുതുന്നവർ തീർച്ചയായും രക്ഷയുടെ, ജീവിതവിജയത്തിന്റെ പാതയിലാണ്. ഈശോ അഭിനിവേശമാകുന്ന ജീവിതം ഒരു തുറന്ന സുവിശേഷമാകുന്നു. അപരർക്ക് സൗഖ്യവും സന്തോഷവും സമാധാനവും നൽകുന്ന സുവിശേഷം. അത്തരക്കാരുടെ ജീവിതത്തിന്റെ ലക്ഷ്യം ഈ ജീവിതമല്ല; മറ്റൊരു ജീവിതമാണ്. സ്വർഗ്ഗം ദർശിച്ചുകൊണ്ടുള്ള ഈ ജീവിതശൈലിയിൽ ആത്മപരിത്യാഗവും ആത്മസമർപ്പണവും ഉൾപ്പെടുന്നു. യൗസേപ്പിതാവിന്റെ നിശബ്ദജീവിതം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.