ജോസഫ് ചിന്തകൾ 246: ജോസഫ് – നിത്യതയിൽ മനസ് ഉറപ്പിച്ചവൻ

അസ്സീസിയിലെ വി. ക്ലാര പുണ്യവതിയുടെ വിശുദ്ധസ്മരണ ആഗസ്റ്റ് മാസം പതിനൊന്നാം തീയതി ആഘോഷിക്കുമ്പോൾ ജോസഫ് ചിന്തയും ക്ലാര പുണ്യവതിയുടെ ജീവിതവുമായി ബന്ധപ്പെട്ടാകട്ടെ.

27 വർഷം രോഗങ്ങളാൽ പീഡിതയായിരുന്ന പുണ്യവതി, മരണക്കിടക്കയിൽ തന്റെ സമീപത്തുണ്ടായിരുന്ന ഒരു സഹോദരനോടു പറഞ്ഞു: “പ്രിയ സഹോദരാ, ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസിലൂടെ നമ്മുടെ യേശുക്രിസ്തുവിന്റെ കൃപ അറിഞ്ഞ നാൾ മുതൽ എന്റെ ജീവിതത്തിൽ എന്നെ ദുരിതത്തിലാക്കുന്ന വേദനയോ രോഗമോ ഒരിക്കലും ഉണ്ടായിട്ടില്ല.” അവൾ തുടർന്നു… “നിത്യതയുടെ കണ്ണാടിക്കു മുന്നിൽ നിങ്ങളുടെ മനസ്സ് വയ്ക്കുക! നിങ്ങളുടെ ആത്മാവിനെ മഹത്വത്തിന്റെ തിളക്കത്തിൽ വയ്ക്കുക! നിങ്ങളുടെ മുഴുവൻ അസ്തിത്വത്തെയും ധ്യാനത്തിലൂടെ ദൈവത്തിന്റെ പ്രതിച്ഛായയിലേക്ക് പരിവർത്തനം ചെയ്യുക.”

യൗസേപ്പിതാവിന്റെ ജീവിതം നിത്യതയിൽ മനസ്സുറപ്പിച്ച ജിവിതമായിരുന്നു. അതിനാൽ സ്വന്തം അസ്തിത്വത്തെ ധ്യാനാത്മകജീവിതത്തിലൂടെ ദൈവത്തിന്റെ പ്രതിച്ഛായയിലേക്ക് അനുനിമിഷം പരിവർത്തനം ചെയ്തിരുന്നു. നിത്യതയിൽ മനസ്സുറപ്പിച്ചവന്റെ ജീവിതത്തിന് വെളിച്ചമുണ്ട്. അത്തരം ജീവിതങ്ങൾ ഭൂമിയിൽ പ്രകാശം പരത്തുന്ന വഴിവിളക്കുകളാണ്.

നിത്യതയ്ക്കു വേണ്ടി ദൈവം ഒരുക്കിയ വിശുദ്ധയായിരുന്നു ക്ലാര. ക്ലാര ജനിക്കുന്നതിനു മുമ്പേ അവൾ ലോകത്തിൽ ദൈവത്തിന്റെ പ്രകാശമായിത്തീരും എന്ന ഒരു അടയാളം ക്ലാരയുടെ അമ്മയ്ക്കു ലഭിച്ചിരുന്നുന്നതായി ജീവിചരിത്രത്തിൽ പറയുന്നു. ക്ലാര അനുധാവനം ചെയ്തിരുന്ന ഫ്രാൻസിസ്കൻ ചൈതന്യം സ്വർഗ്ഗോന്മുഖമായിരുന്നതിനാൽ അഥവാ നിത്യതയിൽ മനസ്സുറപ്പിച്ചതായിരുന്നതിനാൽ ക്ലാരയുടെ ജീവിതത്തിലെ വേദനകളോ രോഗമോ അവളെ ഒരിക്കലും തളർത്തിയില്ല.

നസറത്തിലെ യൗസേപ്പിതാവിനെയും ലോകത്തിൽ പ്രകാശമായവനെ സ്വീകരിക്കാൻ ദൈവപിതാവ് സജ്ജനാക്കി. നിത്യതയിൽ ഹൃദയം പതിപ്പിക്കുമ്പോൾ ലോകദുരിതങ്ങളും പ്രശ്നങ്ങളും നിസാരമായി നാം കാണാൻ തുടങ്ങും. അതിനാൽ ഭയം കൂടാതെ മുന്നോട്ടു പോവുക. കാരണം നമ്മുടെ യാത്രയ്ക്ക് നല്ലൊരു വഴികാട്ടി കൂടെയുണ്ട്. അവൻ നമ്മളെ എപ്പോഴും സംരക്ഷിക്കുകയും നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യും.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.