ജോസഫ് ചിന്തകൾ 245: ജോസഫ് – ഈശോ എന്ന നാമത്തിൽ അഭയം കണ്ടെത്തിയവൻ

ഡീക്കന്മാരുടെയും ലൈബ്രേറിയന്മാരുടെയും പാവങ്ങളുടെയും മദ്ധ്യസ്ഥനായി അറിയപ്പെടുന്ന വി. ലോറൻസിന്റെ ഓർമ്മദിനമാണ് ആഗസ്റ്റ് മാസം പത്താം തീയതി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന ഒരു ഡീക്കനായിരുന്നു ലോറൻസ്. സിക്റ്റൂസ് രണ്ടാമൻ പാപ്പയുടെ (251-258) ശിഷ്യനായിരുന്ന ലോറൻസിനെ റോമിലെ എഴു ഡീക്കന്മാരിൽ ഒരുവനായി മാർപാപ്പ നിയമിച്ചു. പിന്നീട് അദ്ദേഹം ആർച്ചുഡീക്കനായി മാർപാപ്പയെ വിശുദ്ധ കുർബാന അർപ്പണത്തിൽ സഹായിച്ചിരുന്നു.

വലേരിയൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് രക്തസാക്ഷിത്വം വഹിച്ച ലോറൻസ് തന്റെ പീഡകളുടെ മധ്യേ “ഈശോമിശിഹായുടെ പേരിൽ ഞാൻ അഭയം പ്രാപിക്കുന്നു. ഈ വേദനകൾ ഞാൻ ഭയപ്പെടുന്നില്ല. കാരണം അവ അധിക കാലം നിലനിൽക്കില്ല” എന്നു പറയുമായിരുന്നു.

ഈശോ എന്ന വാക്കിന്റെ അർത്ഥം ‘കർത്താവ് രക്ഷിക്കുന്നു’ അഥവാ ‘കർത്താവാണ് രക്ഷകൻ’ എന്നാണല്ലോ. ദൈവപുത്രന് ഈശോ എന്ന് പേരു നൽകിയ യൗസേപ്പിതാവിന്റെ ജീവിതം രക്ഷകന്റെ തണലിൽ അഭയം പ്രാപിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു. ദൈവപുത്രന്റെ വളർത്തപ്പൻ എന്ന നിലയിൽ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളും സഹനങ്ങളും ശാശ്വതമല്ലെന്നും അവ സ്വർഗ്ഗത്തിൽ കൂടുതൽ സൗഭാഗ്യം നൽകുമെന്നും യൗസേപ്പിതാവിന് അറിയാമായിരുന്നു.

മനുഷ്യനോടൊപ്പം വസിക്കാൻ ആഗ്രഹിച്ച ദൈവത്തിന്റെ നാമാണ് ഈശോ. ഈശോ എന്ന രക്ഷാനാമത്തെ ബഹുമാനിക്കാനും ആദരിക്കുവാനും ദൈവപുത്രന് ആ പേരു നൽകിയ യൗസേപ്പിതാവ് നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.