ജോസഫ് ചിന്തകൾ 244: അങ്ങയുടെ ഹിതം നിറവേറട്ടെ ! യൗസേപ്പിതാവിന്റെ ജീവിതത്തിന്റെ ഉള്ളടക്കം

കുരിശിന്റെ വിശുദ്ധ തെരേസാ ബെനഡിക്ടിന്റെ തിരുനാൾ ദിനത്തിൽ അവളെഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

ഹിറ്റ്ലറിന്റെ നാസി തടങ്കൽപാളയത്തിൽ കിടന്ന് 1941 സെപ്റ്റംബർ 14 -ന് വി. എഡിത്ത് സ്റ്റെയിൻ എഴുതിയ കുരിശിനെക്കുറിച്ചുള്ള ധ്യാനത്തിൽ ഇപ്രകാര്യം എഴുതി: “അങ്ങയുടെ ഹിതം നിറവേറട്ടെ! അതായിരുന്നു രക്ഷകന്റെ ജീവിതത്തിന്റെ ഉള്ളടക്കം. പിതാവിന്റെ ഹിതം നിറവേറ്റുന്നതിനാണ് അവൻ ഈ ലോകത്തിൽ വന്നത്. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യുക മാത്രമായിരുന്നില്ല അവൻ ചെയ്തത്, മറിച്ച് അനുസരണത്തിന്റെ വഴികളിലൂടെ ജനങ്ങളെ അവരുടെ യഥാർത്ഥ അന്ത്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. സൃഷ്ടിക്കപ്പെട്ട നമ്മുടെ ഇച്ഛാശക്തിക്ക് സ്വതന്ത്രമായി തന്നെത്തന്നെ ഉയരാൻ സാധ്യമല്ല. ദൈവഹിതവുമായുള്ള ഒരുമയിലേക്കാണ് അത് വിളിക്കപ്പെട്ടിരിക്കുന്നത് . സ്വതന്ത്രമായി തന്നെത്തന്നെ ഈ ഐക്യത്തിനു വേണ്ടി നാം സമർപ്പിക്കുമ്പോൾ സൃഷ്ടിയുടെ പൂർണ്ണതയിൽ സ്വതന്ത്രമായി പങ്കുചേരാൻ നമുക്ക് അനുവാദം ലഭിക്കുന്നു.”

ഈശോയുടെ കുരിശോളം കീഴ്വഴങ്ങിയ ജീവിതത്തെക്കുറിച്ചാണ് ഈ ധ്യാനചിന്തയെങ്കിലും യൗസേപ്പിതാവിന്റെ ഭൂമിയിലെ ഈ ജീവിതവും ഈ ധ്യാനചിന്തയിൽ നമുക്കു കാണാൻ കഴിയും. “അങ്ങയുടെ ഹിതം നിറവേറട്ടെ എന്നത് രക്ഷകന്റെ പോലെ തന്നെ രക്ഷകന്റെ വളർത്തുപിതാവിന്റെയും ജീവിതത്തിന്റെ ഉള്ളടക്കമായിരുന്നു. സ്വർഗ്ഗപിതാവിന്റെ ഹിതം നിറവേറ്റുക എന്നത് അവന്റെയും ജീവിതപ്രമാണമായിരുന്നു. അനുസരണക്കേടിന്റെ പാപത്തിന് തന്റെ വിധേയത്വത്തിലൂടെ പരിഹാരം ചെയ്യാൻ യൗസേപ്പിതാവും സന്നദ്ധനായി. സ്വന്തം കുരിശെടുക്കുക എന്നാൽ ആത്മപരിത്യാഗത്തിന്റെയും ശുശ്രൂഷയുടെയും വഴികളിലൂടെ പോവുക എന്നതാണെന്ന് യൗസേപ്പിതാവ് പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.