ജോസഫ് ചിന്തകൾ 243: ജോസഫ് – എളിമ ഉടയാടയാക്കിയവൻ

ആഗസ്റ്റ് മാസം എട്ടാം തീയതി വി. ഡോമിനിക്കിന്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തേതും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലുമായി ജീവിച്ചിരുന്ന വി. ഡോമിനിക് (1170- 1221), അസ്സീസിയിലെ വി. ഫ്രാൻസീസിനെപ്പോലെ ക്രൈസ്തവലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയായിരുന്നു.

ഇരുപത്തിയഞ്ചാം വയസ്സിൽ പുരോഹിതനായ ഡോമിനിക് സ്വയം പരിത്യാഗം, പരിശുദ്ധി, ദൈവഭക്തി, പ്രേഷിത തീക്ഷ്ണത എന്നിവയിൽ ആ കാലഘട്ടത്തിലെ മറ്റു പലരെയും പിന്നിലാക്കി. മാംസം ഭക്ഷിക്കുവാനോ കിടക്കയിൽ ഉറങ്ങുവാനോ ഈ സ്പാനിഷ് വൈദികൻ തയ്യാറായിരുന്നില്ല. 1215 -ൽ ഡോമിനിക്കൻ സന്യാസ സഭ (Order of Preachers) സ്ഥാപിച്ചു. വി. ആഗസ്തിനോസിന്റെ നിയമമാണ് ദൈവവചനത്തിന്റെ പ്രഘോഷണം മുഖ്യകാരിസമായി തിരഞ്ഞെടുത്തിരിക്കുന്ന ഈ സമർപ്പിതസമൂഹം പിൻതുടരുന്നത്.

ഇന്നത്തെ ജോസഫ് ചിന്തകൾ വി. ഡോമിനിക്കുമായി ബന്ധപ്പെടുത്തുവാനാണ് എനിക്ക് ആഗ്രഹം. “വാളിനേക്കാൾ പ്രാർത്ഥന കൊണ്ട് സ്വയം പ്രതിരോധം തീർക്കുക; മൃദുലവസ്ത്രങ്ങളേക്കാൾ എളിമയായിരിക്കട്ടെ നിങ്ങളുടെ ഉടയാട” – അദ്ദേഹം തന്റെ സഹസന്യാസിമാരെ നിരന്തരം ഉദ്ബോധിപ്പിച്ചിരുന്നു.

യൗസേപ്പിതാവിന്റെ ആയുധവും പ്രാർത്ഥനയായിരുന്നു .വിനയവും എളിമയുമായിരുന്നു അവന്റെ ഉടയാട. ദൈവപുത്രന്റെ വളർത്തുപിതാവെന്ന അതുല്യസ്ഥാനം യൗസേപ്പിതാവിനെ കൂടുതൽ എളിമയുള്ളവനാക്കുകയാണ് ചെയ്തത്.

“സ്തുതിക്കുക, അനുഗ്രഹിക്കുക, പ്രസംഗിക്കുക”എന്നതായിരുന്നു വി. ഡൊമിനിക്കിന്റെ മുദ്രാവാക്യം. യൗസേപ്പിതാവിന്റെ ജീവിതം നിരന്തരം ദൈവസ്തുതി കീർത്തനമായിരുന്നു. നസറത്തിലെ അനുഗ്രഹമായവൻ ഇന്നു ലോകം മുഴുവൻ അനുഗ്രഹം ചൊരിയുന്നു. ദൈവഹിതം ജീവിതം കൊണ്ടു പ്രഘോഷിച്ച ഏറ്റവും വാചാലമായ സുവിശേഷപ്രസംഗമായിരുന്നു യൗസേപ്പിതാവിന്റെ നിശബ്ദജീവിതം.

1221 ആഗസ്റ്റ് 6 -ആം തീയതി മരിക്കുന്നതിനു മുമ്പ് വി. ഡോമിനിക്ക് സഹോദരങ്ങളോടു പറഞ്ഞു, “എന്റെ മരണത്തിൽ നിങ്ങൾ കരയരുത്. കാരണം മരണശേഷമായിരിക്കും ഞാൻ നിങ്ങൾക്ക് കൂടുതൽ ഉപകാരിയാക്കുന്നത്. മരണശേഷം ഞാൻ നിങ്ങളെ ജീവിച്ചിരുന്നതിനേനെക്കാൾ കൂടുതൽ ഫലപ്രദമായി സഹായിക്കും.”

യൗസേപ്പിതാവിന്റെ ജീവിതവും ഈ അർത്ഥത്തിൽ നൂറു ശതമാനവും ശരിയാണ്. സ്വർഗ്ഗത്തിൽ മഹനീയസ്ഥാനം അലങ്കരിക്കുന്ന യൗസേപ്പിതാവ് സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ പെരുമഴ ഭൂമിയിലുള്ള മക്കളിലേക്കു വർഷിക്കാൻ യാതൊരു വൈമന്യസ്യവും കാണിക്കില്ല.

ഫാ.ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.