ജോസഫ് ചിന്തകൾ 240: യൗസേപ്പിതാവിനുണ്ടായിരുന്ന മൂന്ന് വിശേഷഭാഗ്യങ്ങൾ

ദൈവം ഒരു വ്യക്തിയെ ഒരു പ്രത്യേക നിയോഗത്തിനായി നിയോഗിക്കുമ്പോൾ അതിന് അനുയോജ്യമായ കൃപകളും ദൈവം അവനു നൽകുന്നു. അതുകൊണ്ടു തന്നെ, ദൈവം വി. യൗസേപ്പ് പിതാവിനെ, അവതരിച്ച വചനത്തിന്റെ വളർത്തുപിതാവാകാൻ തിരഞ്ഞെടുത്തപ്പോൾ ആ നിയോഗം നിറവേറ്റുന്നതിന് ആശ്യമായ എല്ലാ പവിത്രതയും കൃപകളും ദൈവം യൗസേപ്പിതാവിനു നൽകിയെന്ന് നാം തീർച്ചയായും വിശ്വസിക്കണം എന്ന് വി. അൽഫോൻസ് ലിഗോരി പഠിപ്പിക്കുന്നു.

വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ദൈവശാസ്ത്രശാഖയായ ജോസഫോളജിയിൽ, പ്രഗത്ഭനായ ഫ്രഞ്ച് ദൈവശാസ്ത്രജ്ഞൻ ജീൻ ജേർസന്റെ (Jean Gerson) അഭിപ്രായത്തിൽ, ദൈവം യൗസേപ്പിതാവിന് സവിശേഷമായ രീതിയിൽ മൂന്നു വിശേഷഭാഗ്യങ്ങൾ നൽകി അനുഗ്രഹിച്ചിരുന്നതായി പഠിപ്പിക്കുന്നു. ഒന്നാമതായി, ജെറമിയാ പ്രവാചകനെപ്പോലെയും സ്നാപകയോഹന്നാനെപ്പോലെയും യൗസേപ്പിതാവും അമ്മയുടെ ഉദരത്തിൽ വച്ചു തന്നെ വിശുദ്ധീകരിക്കപ്പെട്ടു. രണ്ടാമതായി, ആ സമയം മുതൽ അവൻ ദൈവകൃപയാൽ സ്ഥിരീകരിക്കപ്പെട്ടു. അവസാനമായി, ജഡികാസക്തിയുടെ ചായ്‌വുകളിൽ നിന്ന് യൗസേപ്പിതാവ് എപ്പോഴും ഒഴിവാക്കപ്പെട്ടിരുന്നു. അതിനാൽ വി. യൗസേപ്പിതാവ് തന്റെ യോഗ്യതകളാൽ തന്റെ ഭക്തരെ ജഡികമായ വിശപ്പുകളിൽ നിന്ന് മോചിപ്പിച്ച് അവർക്കു വിശുദ്ധിയുടെ സുഗന്ധം ചൊരിയുന്നു.

യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥയിലൂടെ വിശുദ്ധിയിലേക്ക് നമുക്കു വളരാം. ആ നല്ല പിതാവിനെപ്പോലെ “വിശുദ്ധിയെ അജയ്യമായ പരിചയാക്കി” (ജ്‌ഞാനം 5:19). യഥാര്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില് സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനായി നമുക്കു വളരാം (c f. എഫേ 4:24).

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.