ജോസഫ് ചിന്തകൾ 237: ജോസഫ് – പ്രത്യാശയുടെ സരണി തുറക്കുന്നവൻ

ആഗസ്റ്റ് മാസം രണ്ടാം തീയതിയും വി. അൽഫോൻസ് ലിഗോരിയുടെ വചനവ്യാഖ്യാനത്തിലെ ഒരു നിരീക്ഷമാണ് ജോസഫ് ചിന്തയുടെ ഇതിവൃത്തം. എമ്മാവൂസിലേക്കു പോയ രണ്ടു ശിഷ്യന്മാരെക്കുറിച്ചുള്ള വചനവ്യാഖ്യാനത്തിലാണ് ഈ നിരീക്ഷണം.

തങ്ങളുടെ ഹൃദയനാഥനായ ഗുരുവിന്റെ ജീവിതം പരാജയത്തില്‍ കലാശിച്ചല്ലോ എന്ന സംശയവുമായി, നിരാശയുടെ കയ്പ്പുമായി ജറുസലേമിൽ നിന്ന് അറുപതു സ്താദിയോൺ അകലെയുള്ള എമ്മാവൂസിലേക്ക് പോയ രണ്ട് ശിഷ്യന്മാർ (ലൂക്കാ 24: 13-31) വഴിമദ്ധ്യേ രക്ഷകനായ ഈശോയുമായി ചില നിമിഷങ്ങൾ വീണ്ടും ചിലവഴിച്ചപ്പോൾ ദൈവവചനത്താലും ദൈവികസ്നേഹത്താലും അവരുടെ ഹൃദയം ജ്വലിക്കുകയും കണ്ണുകൾ തുറക്കപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഈശോയുമായി മുപ്പതു വർഷം സംവദിക്കുകയും നിത്യജീവന്റെ വചനങ്ങൾ ശ്രദ്ധിക്കുകയും ചെയ്ത വി. യൗസേപ്പിതാവിന്റെ ഹൃദയം എത്ര കണ്ട് വിശുദ്ധ സ്നേഹത്തിന്റെ തീജ്വാലകളാൽ ജ്വലിച്ചിരിക്കണം എന്ന് വി. അൽഫോൻസ് ലിഗോരി ചോദിക്കുന്നു.

നിരാശയിലകപ്പെട്ട് മറ്റൊരു ജീവിതപാത തേടിയിറങ്ങിയ ശിഷ്യർക്ക് ദൈവവചനത്തിന്റെ വ്യാഖ്യനത്താലും ഈശോയുടെ സാമീപ്യത്താലും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്തു. കണ്ണുകൾ തുറക്കപ്പെട്ടവന്റെയും ഹൃദയം ജ്വലിച്ചവന്റെയും കൂടെ വസിക്കുമ്പോൾ നമ്മുടെയും കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യും. ജീവിതത്തിൽ നിരാശയും ലക്ഷ്യമില്ലായ്മയും അനുഭവപ്പെടുമ്പോൾ ഈശോയുടെ കൂടെ ഈ ഭൂമിയിൽ ഏറ്റവും അടുത്തു വ്യാപരിച്ച യൗസേപ്പിതാവിന്റെ മാതൃകയും പൈതൃകമായ വാത്സല്യവും നമ്മുടെ ജീവിതവഴിത്താരകളിലും പ്രകാശം ചൊരിയും എന്ന കാര്യത്തിൽ സംശയമില്ല.

യൗസേപ്പിതാവിന്റെ സാന്നിധ്യവും മാദ്ധ്യസ്ഥവും ഇരുളടഞ്ഞ ജീവിതങ്ങളിൽ പ്രത്യാശയുടെ സരണി വെട്ടിത്തുറക്കും എന്നതിൽ സംശയം വേണ്ടാ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.