ജോസഫ് ചിന്തകൾ 235: ഈശോസഭയും വി. യൗസേപ്പിതാവും

ഈശോസഭയുടെ സ്ഥാപകനായ വി. ഇഗ്നേഷ്യസ് ലെയോളയുടെ തിരുനാൾ ദിനമാണ് ജൂലൈ 31. ഈശോസഭയുടെ എല്ലാ പ്രവർത്തനങ്ങളുടെയും ലക്ഷ്യം വ്യക്തികളെയും സമൂഹങ്ങളെയും ഈശോയിലേക്ക് അടുപ്പിക്കുക എന്നതാണ്. വി. ഇഗ്നേഷ്യസിന്റെ Spiritual Exercises -ൽ പരിശുദ്ധ മറിയം കഴിഞ്ഞാൽ ഈശോയുടെ ശൈശവകാലത്തും രഹസ്യജീവിതത്തിലും അവനുമായി ഏറ്റവും അടുപ്പത്തിൽ ജീവിച്ച വ്യക്തി യസേപ്പിതാവാകയാൽ, ഈശോയോടു ഏറ്റവും ചേർന്നു ജീവിക്കാനുള്ള ഒരു മാർഗ്ഗമായി യൗസേപ്പിതാവിനോടുള്ള ഭക്തിയെ മനസ്സിലാക്കുന്നു. ആധുനിക കാലഘട്ടത്തിന്റെ തുടക്കത്തിൽ യൗസേപ്പിതാവിനെക്കുറിച്ച് നവീനവും ഊർജ്ജസ്വലവുമായ ഒരു പ്രതിച്ഛായ തിരുസഭയിൽ ആവിർഭവിക്കുന്നതിന് ഇത് വലിയ സംഭാവന നൽകി.

1539 മാർച്ചു മാസം പത്തൊമ്പതാം തീയതി വി. യൗസേപ്പിതാവിന്റെ തിരുനാൾ ദിനമാണ് പോൾ മൂന്നാമൻ മാർപാപ്പ ഇഗ്നേഷ്യസ് ലെയോളയേയും സഹോദരന്മാരെയും ആദ്യ ദൗത്യം ഏൽപ്പിക്കുന്നത്. ഈശോസഭയുടെ Ad Majorem Dei Gloria (ദൈവത്തിന്റെ വലിയ മഹത്വത്തിന്) എന്ന ആപ്തവാക്യം അക്ഷരാർത്ഥത്തിൽ ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവത്തിനു വലിയ മഹത്വം കൈവരുന്നതിന് സ്വയം ജീവിതസമർപ്പണം നടത്തിയ അപ്പനായിരുന്നു നസറത്തിലെ മരണപ്പണിക്കാരൻ.

ഈശോസഭാ വൈദികർ നൂറ്റാണ്ടുകളായി വി. യൗസേപ്പിതാവിനെക്കുറിച്ചെഴുതിയ ഗ്രന്ഥങ്ങൾ, യുറോപ്പിലുടനീളം ഈശോസഭയുടെ കോളേജുകളിലും ദൈവാലയങ്ങളിലും യൗസേപ്പിതാവിനെ മദ്ധ്യസ്ഥനായി തിരഞ്ഞെടുത്തതും തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി വളരുന്നരുന്നതിനു കാരണമായി നൽകി. തെന്ത്രോസ് സുനഹദോസിനു ശേഷം ഈശോസഭ ദൈവശാസ്ത്രജ്ഞന്മാരായിരുന്ന വി. പീറ്റർ കനിഷ്യസ്, കോർണേലിയസ് ലാപാഡേ, ഫ്രാൻസിസ്കോ സുവാരസ് എന്നിവർ തിരുസഭയിൽ തിരുസഭയിൽ യൗസേപ്പിതാവിനോടുള്ള ഭക്തി വളർത്തുന്നതിന് പ്രത്യേകം സംഭാവനകൾ നൽകി. മറ്റൊരു ‘ഈശോസഭാംഗമായ ജോഹന്നാസ് ബോളണ്ടസ് (1596- 1665) തന്റെ ഗ്രന്ഥത്തിൽ സ്പെയിൻ, നെതർലൻഡ് എന്നീ രാജ്യങ്ങളിലുള്ള ഈശോസഭയുടെ കോളേജുകളും പള്ളികളും യൗസേപ്പിതാവിന്റെ നാമത്തിൽ പ്രതിഷ്ഠിച്ചു എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഫ്രാൻസിലെ വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആദ്യ ദൈവാലയം ലിയോൺസിൽ നിർമ്മിച്ചത് ഈശോസഭയാണ്. യൗസേപ്പിതാവിനെ നൽമരണ മദ്ധ്യസ്ഥനായി സഭ പ്രഖ്യപിച്ചതിനു പിന്നിലും ഈശോസഭ ദൈവശാസ്ത്രജ്ഞരുടെ സംഭാവനകൾ ഉണ്ട്.

സഭയിൽ ആദ്യമായി യൗസേപ്പിതാവിന്റെ പേരിൽ ഒരു വർഷം പ്രഖ്യപിച്ചത് ഈശോസഭാംഗമായ ഫ്രാൻസിസ് പാപ്പയാണന്നുള്ള വസ്തുതയും പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. യൂറോപ്പിൽ മാത്രമല്ല ഈശോസഭ പ്രേഷിതദൗത്യവുമായി കടന്നുചെന്ന സ്ഥലങ്ങളിലെല്ലാം പ്രത്യേകിച്ച്, ഏഷ്യയിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും യൗസേപ്പിതാവിനോടുള്ള ഊഷ്മളമായ സ്നേഹവും താൽപര്യവും അവർ പകർന്നുനൽകി. വി. യൗസേപ്പിതാവിനെ സ്വയം ആത്മാർപ്പണം ചെയ്യുന്ന സ്നേഹനിധിയായ ജീവിതപങ്കാളിയായും ഈശോയേയും മറിയത്തെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന വാത്സല്യനിധിയായ പിതാവായും അവർ അവതരിപ്പിച്ചു.

ഈശോസഭ 2021 മെയ് 20 മുതൽ 2022 ജൂലൈ 31 വരെ ഇഗ്നേഷ്യൻ വർഷമായി ആചരിക്കുന്നു. ഈശോമിശിഹായെ ജീവിതത്തിന്റെ കേന്ദ്രമാക്കി സ്വയം നവീകരിക്കപ്പെടുക, അതാണ് ഈ വർഷത്തിന്റെ പ്രധാന ലക്ഷ്യം. ഈശോയെ ജീവിതത്തിന്റെ കേന്ദ്രമായി പുനഃപ്രതിഷ്ഠിക്കാൻ വി. ഇഗ്നേഷ്യസിന്റെ തിരുനാൾ ദിനം നമുക്കു പ്രചോദനം നൽകട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.