ജോസഫ് ചിന്തകൾ 233: ജോസഫ് – ദൈവത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ

എല്ലാ വർഷവും ജൂലൈ 29 -ന് വി. മർത്തായെ തിരുസഭ അനുസ്മരിക്കുന്നു. സുവിശേഷത്തിൽ ഈശോ സ്നേഹിച്ചിരുന്നു എന്ന് പേരെടുത്തു പറഞ്ഞിരിക്കുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് മർത്താ. “യേശു മര്‍ത്തായെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്‌നേഹിച്ചിരുന്നു” (യോഹ. 11:5).

ശുശ്രൂഷിക്കുന്നതിൽ വ്യഗ്രചിത്തയായിരുന്നു അവൾ, തന്റെ സഹോദരി തന്നെ സഹായിക്കാത്തതിനെപ്പറ്റി ഈശോയോട് പരാതിപ്പെടുന്നുണ്ട്. “മര്‍ത്തായാകട്ടെ, പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്‌ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നത് നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക” (ലൂക്കാ 10:40). ഇതിനു മറുപടിയായി മർത്തായുടെ ഉത്കണ്ഠാകുലതയെപ്പറ്റിയും അസ്വസ്ഥതയെപ്പറ്റിയും ഈശോ സംസാരിക്കുകയും നല്ല ഭാഗം തെരഞ്ഞെടുക്കാൻ അവളെ ഉപദേശിക്കുകയും ചെയ്യുന്നു (ലൂക്കാ 10: 41- 42).

മർത്തായും യൗസേപ്പിതാവും ദൈനംദിന ജീവിതകടമകളിൽ സദാ ശ്രദ്ധാലുക്കളായിരുന്നു. ഒരാൾ ജീവിതകടമകളിൽ വ്യഗ്രചിത്തയായി നല്ല ഭാഗം മറന്നുപോകുമ്പോൾ ഈശോ സ്നേഹപൂർവ്വം ശാസിക്കുന്നു. ഈശോയോടു കൂടെ ആയിരിക്കുന്നത് ജീവിതത്തിലെ നല്ല ഭാഗമായി തിരഞ്ഞെടുത്ത മർത്ത അപ്പസ്തോലന്മാരായ പത്രോസിനെയും തോമസിനെയുംപോൽ ഒരു വലിയ വിശ്വാസപ്രഖ്യാപനം നടത്തുന്നു. “കര്‍ത്താവേ, നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്‌തു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു” (യോഹ. 11:27).

യൗസേപ്പിതാവാകട്ടെ ജീവിതകടമകളിൽ വ്യാപൃതനായിരിക്കുമ്പോഴും ശ്രദ്ധ ദൈവപുത്രനിലും അവന്റെ പരിശുദ്ധ മാതാവിലും ആയിരുന്നു. ഈശോയിൽ ശ്രദ്ധ പതിപ്പിക്കുകയല്ലേ നമ്മുടെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം. യൗസേപ്പിതാവും മർത്തായും ഒരു ഓർമ്മപ്പെടുത്തലാണ്; ദൈവത്തിനു ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുക. ദൈവത്തെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടി സ്നേഹിക്കുക. ദൈവത്തിലുള്ള ജീവിതം നമുക്ക് വിശ്വസിക്കാൻ കഴിയാത്ത അത്ഭുതങ്ങൾ അനുഭവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നുവെന്ന് യൗസേപ്പിതാവിന്റെയും മർത്തയുടെയും വിശ്വാസജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.