ജോസഫ് ചിന്തകൾ 232: ജോസഫ് – ദൈവസ്നേഹാഗ്നിയിലെ ഒരു ജ്വാല

ഭാരതത്തിന്റെ പ്രിയ വിശുദ്ധ, അൽഫോൻസാമ്മയുടെ തിരുനാൾ ദിനമാണ് ജൂലൈ 28. വിശുദ്ധിയിലേക്കുള്ള പ്രയാണത്തിൽ എന്നും ഒരു വഴിവിളക്കാണ് മുട്ടത്തുപാടത്ത് തറവാട്ടിലെ അന്നക്കുട്ടി; നമ്മുടെ പ്രിയപ്പെട്ട അൽഫോൻസാമ്മ.

അൽഫോൻസാമ്മയുടെ ചില ജീവിതസൂക്തങ്ങൾ വി. യൗസേപ്പിതാവിന്റെ ചൈതന്യം വിളിച്ചോതുന്നവയാണ്. അൽഫോൻസാമ്മ ഒരിക്കൽ ഇപ്രകാരം കുറിച്ചു: “എനിക്കുള്ളത് ഒരു സ്നേഹപ്രകൃതമാണ്. എന്റെ ഹൃദയം മുഴുവനും സ്നേഹമാണ്. ആരെയും വെറുക്കാൻ എനിക്ക് കഴിയുകയില്ല.” മറ്റൊരിക്കൽ അവൾ എഴുതി: “സുകൃതങ്ങളുടെ പരിമളച്ചെപ്പ് നമുക്ക് അടച്ചു സൂക്ഷിക്കാം; എല്ലാം ഈശോ മാത്രം അറിഞ്ഞാൽ മതി.” വേറോരു അവസരത്തിൽ അൽഫോൻസാമ്മ ഇപ്രകാരം രേഖപ്പെടുത്തി: “കർത്താവിനോട് എപ്പോഴും വിശ്വസ്തനായിരിക്കാൻ ഞാൻ ആഗ്രഹിച്ചു; അതിനായി ശ്രമിച്ചു. വാക്ക് മാറുന്നതിനേക്കാൾ മരിക്കുന്നതാണ് എനിക്ക് ഇഷ്ടം.”

യൗസേപ്പിതാവിന്റെ ഹൃദയം മുഴുവനും സ്നേഹമാണ്. ആരെയും വെറുക്കാൻ ആ പിതാവിനും സാധിക്കുകയില്ല. അതിൽ ആർക്കും ഏതു മാരകപാപിക്കും യൗസേപ്പിതാവിന്റെ പക്കൽ സഹായം തേടി എത്താം ആരെയും അവൻ കൈവെടിയുകയില്ല. സുകൃതങ്ങളുടെ വിളനിലമായിരുന്നു യൗസേപ്പിതാവിന്റെ ജീവിതം. അതു ആ പിതാവ് പുറത്തു പറഞ്ഞു കെട്ടിഘോഷിച്ചു നടന്നില്ല. ഉള്ളറിയുന്ന ദൈവം മാത്രമേ അവ പൂർണ്ണമായി മനസ്സിലാക്കിയുള്ളൂ.

പരിശുദ്ധ ത്രിത്വത്തോടും ദൈവമാതാവിനോടും എപ്പോഴും വിശ്വസ്തനായിരുന്നു യൗസേപ്പിതാവ്. സാഹചര്യങ്ങൾക്കനുസരിച്ച് ആ പിതൃഹൃദയം മാറിയില്ല. ദൈവത്തിൽ ബന്ധിക്കപ്പെട്ടതായിരുന്നു ആ ജീവിതം. എന്റെ പ്രിയപ്പെട്ട വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ യൗസേപ്പിതാവിനെ ദൈവസ്നേഹാഗ്നിയിൽ നിരന്തരം എരിയുന്ന ഒരു ജ്വാലയായി കാണാനാണ് എനിക്കിഷ്ടം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.