ജോസഫ് ചിന്തകൾ 231: ജോസഫിന്റെ സുവിശേഷം

ദൈവം തിരഞ്ഞെടുത്തവൻ ദൈവത്തെ സ്വന്തമാക്കിയ സദ്വാർത്തയാണ് യൗസേപ്പിതാവിന്റെ സുവിശേഷത്തിന്റെ ഉള്ളടക്കം. ശബ്ദകോലാഹലങ്ങളില്ലാതെ നിശ്ബ്ദമായി അവൻ ആ സുവിശേഷം ജീവിച്ചുതീർത്തു. പരാതികളോ, പരിഭവങ്ങളോ ആ സുവിശേഷത്തിന്റെ ഉള്ളടക്കമായിരുന്നില്ല. സദാ സർവ്വേശ്വരന്റെ ഹിതം അറിഞ്ഞുകൊണ്ടുള്ള ഒരു എളിയ യാത്രയായിരുന്നു അത്.

മറ്റുള്ളവർക്ക് സൗഖ്യം നൽകുന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് നസറത്തിന്റെ ഇടവഴികളിൽ പ്രകാശം പരത്തി ജീവിച്ച ഒരു നല്ല കുടുംബനാഥനായിരുന്നു ഈശോയുടെ വളർത്തപ്പൻ. നസറത്തുകാർ കണ്ടറിഞ്ഞ എഴുതപ്പെടാത്ത സുവിശേഷമല്ലായിരുന്നോ ആ പുണ്യജീവിതം!

സ്വർഗ്ഗീയപിതാവിന്റെ പ്രതിനിധിയായി ഭൂമിയിൽ വസിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ എളിയ മനുഷ്യൻ ദൈവത്തോടൊപ്പം സദാ യാത്ര ചെയ്യുന്നതിൽ ആത്മനിർവൃതി കണ്ടെത്തി. ദൈവപിതാവ് യൗസേപ്പിതാവിനെ തനിക്കായി, ജനതകൾക്കുള്ള മാർഗ്ഗദീപമാക്കി തിരഞ്ഞെടുത്തു. അതിലൊരിക്കലും അവനു നിരാശനാകേണ്ടി വന്നിട്ടില്ല. സ്വർഗ്ഗീയപിതാവ് ഒരിക്കൽ പോലും തന്റെ തിരഞ്ഞെടുപ്പിനെ ഓർത്ത് പരിതപിച്ചട്ടുണ്ടാവില്ല. അത്രയ്ക്ക് പിതാവിന്റെ ഹിതം തിരിച്ചറഞ്ഞ ഭൂമിയിലെ പ്രതിനിധിയായിരുന്നു യൗസേപ്പ് തനയൻ.

“ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ സംപ്രീതനായിരിക്കുന്നു.” ഈശോയുടെ മാമ്മോദീസാ വേളയിൽ സ്വർഗ്ഗം ചൊരിഞ്ഞ വാക്കുകളാണ്. ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിന്റെ ഓരോ സന്ദർഭത്തിലും യൗസേപ്പിതാവ് ക്രിയാത്മകമായി ഇടപെടുമ്പോൾ സ്വർഗ്ഗം തീർച്ചയായും നസറത്തിലെ മരപ്പണിക്കാരനെ നോക്കി പലതവണ ഈ സ്വർഗ്ഗീയ കീർത്തനം ആലപിച്ചട്ടുണ്ടാവാം. ദൈവപിതാവ് തനിക്കായി തിരഞ്ഞെടുത്ത യൗസേപ്പിതാവിനെ നമ്മുടെ മദ്ധ്യസ്ഥനും സംരക്ഷകനുമായി തിരഞ്ഞെടുത്ത് നമുക്കും ജിവിതം അനുഗ്രഹദായകമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.