ജോസഫ് ചിന്തകൾ 224: ജോസഫ് – അപരർക്കു വേണ്ടി ജീവിച്ചവൻ

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ് ഭൗതികശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ്റെതായി അമേരിക്കയിലെ ദ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ 1932 ജൂൺ 20 -ന് വന്ന ഒരു കുറിപ്പിലെ ഭാഗമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം. “മറ്റുള്ളവർക്കു വേണ്ടി ജീവിച്ച ജീവിതം മാത്രമാണ് ശ്രേഷ്ഠമായിട്ടുള്ളത്.”

തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുക എന്നത് ഒരു ജീവിതകലയാണ്. ദൈവത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ജീവിതകല. അനേകർക്ക് സാന്ത്വനവും സമാശ്വാസവും നൽകാൻ കഴിയുന്ന അനുഗ്രഹീതകല. ഈശോയുടെ വളർത്തുപിതാവായ യൗസേപ്പിതാവ് തനിക്കു വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിച്ച വ്യക്തിയാണ്. അപരോന്മുഖതയായിരുന്നു ആ ജീവിതത്തിന്റെ ഇതിവൃത്തം.

തനിക്കു വേണ്ടി മാത്രം ജീവിക്കാൻ യൗസേപ്പിതാവ് തീരുമാനിച്ചിരുന്നെങ്കിൽ മനുഷ്യവതാര രഹസ്യത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു. സുവിശേഷങ്ങളിൽ നിശബ്ദനായ യൗസേപ്പിതാവ് യഥാർത്ഥ സുവിശേഷം രചിച്ചത് അപരർക്കായി സ്വയം ഇല്ലാതായി സ്വസമർപ്പണം നടത്തിയായിരുന്നു. “അവളുടെ ഭര്‍ത്താവായ ജോസഫ്‌ നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു” (മത്തായി 1:19).

താനുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന മറിയം പരിശുദ്ധാത്മാവിനാൽ ഗർഭണിയായി കാണപ്പെട്ടപ്പോൾ മറിയത്തെ അപമാനിതയാക്കാതിരിക്കാൻ യൗസേപ്പ് തീരുമാനിക്കുന്നു. മറിയത്തിന്റെ സൽപ്പേരിനു പോലും കളങ്കം വരുത്താൻ യൗസേപ്പ് ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരുടെ സന്തോഷഭരിതമായ ജീവിതത്തിലേക്കു അവന്റെ ജീവിതം എന്നും തുറന്നിരുന്നു. ഈശോയുടെയും മറിയത്തിന്റെയും സന്തോഷവും സുരക്ഷിതത്വവും മാത്രമായിരുന്നു ആ വത്സലപിതാവിന് മുൻഗണന. യൗസേപ്പിതാവിനെപ്പോലെ അപരർക്കായി ജിവിതം സമർപ്പിക്കാൻ നമുക്കു പരിശീലനം തേടാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.