ജോസഫ് ചിന്തകൾ 223: നമ്മുടെ കുടുംബങ്ങളിൽ ഭരണം നടത്തേണ്ട ജോസഫ് ചൈതന്യം

വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ (1805- 1871) തന്റെ മരണപത്രത്തിൽ, കുടുംബങ്ങൾക്കായി നൽകിയ അനർഘ ഉപദേശങ്ങളിലെ ഒരു ചാവരുളാണ് ഇന്നത്തെ ജോസഫ് ചിന്ത.

യൗസേപ്പിതാവിന്റെ ചൈതന്യം സ്വീകരിക്കുന്ന കുടുംബങ്ങൾ നിർബദ്ധമായും പാലിക്കേണ്ട ഒരു ആത്മീയനിഷ്ഠയിലേക്കാണ് ചാവറയച്ചൻ വിരൽ ചൂണ്ടുന്നത്. അത് ഇപ്രകാരമാണ്: “കുടുംബത്തില്‍ എത്ര വലിയ വിശിഷ്ടാതിഥികൾ ഉണ്ടായിരുന്നാൽ തന്നെയും കുടുംബപ്രാർത്ഥന മുടക്കരുത്. അത് നിശ്ചിതസമയത്തു തന്നെ നടത്തണം. മറ്റുള്ളവർക്ക് നിങ്ങളുടെ പ്രവൃത്തി ഒരു സാക്ഷ്യമാകട്ടെ.”

കുടുംബപ്രാർത്ഥന കുടുംബത്തിലെ ബലിസമർപ്പണമാണ്. ആ ബലിയിൽ അതിഥികളെ ഉൾപ്പെടുത്തുമ്പോൾ ജീവന്റെ ഉറവിടമായ ദൈവത്തിങ്കലേക്ക് നാം അവരുടെ ജീവിതം കൂടി പുതുക്കി പ്രതിഷ്ഠിക്കുകയാണ്. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒന്നിച്ചു ജീവിക്കുന്നു എന്നാണല്ലോ ജപമാലയുടെ വൈദികന് ഫാ. പാട്രിക്‌ പെയ്‌ടണിന്റെ അഭിപ്രായം. അതിഥികൾ വരുമ്പോൾ കുടുംബപ്രാർത്ഥന മുടക്കിയാൽ ഒന്നിച്ചു ജീവിക്കുവാനുള്ള ഹൃദയവിശാലതയ്ക്കു നാം തുരങ്കം സൃഷ്ടിക്കുകയാണ്.

ദൈവത്തിന്നു കുടുംബത്തിൽ ഒന്നാം സ്ഥാനം കൊടുക്കുമ്പോൾ അവനാണ് ജീവന്റെയും കുടുംബത്തിന്റെയും കേന്ദ്രം. നസറത്തിലെ ദൈവം വസിച്ച ഭൂമിയിലെ കുടുംബത്തിൽ യൗസേപ്പിതാവും മാതാവും ഒരിക്കലും പ്രാർത്ഥന മുടക്കിയിട്ടില്ലായിരുന്നു. വീണുകിട്ടുന്ന ഓരോ അവസരവും അവർ പ്രാർത്ഥനയാക്കിയിരുന്നു. വീട്ടിൽ അതിഥികൾ വരുമ്പോൾ അത്, കുടുംബപ്രാർത്ഥന ഒഴിവാക്കാനുള്ള കാരണമായി കാണാതെ ഒന്നിച്ചു പ്രാർത്ഥിക്കാനുള്ള അവസരമാക്കി നമുക്കു മാറ്റാം. നമ്മുടെ വീട്ടിൽ വിരുന്നുകാർ വരുമ്പോൾ അവരെയും കൂട്ടി പ്രാർത്ഥിക്കാൻ തയ്യാറാകുമ്പോൾ യൗസേപ്പിതാവിന്റെ ചൈതന്യം നമ്മുടെ ഭവനങ്ങളിലും ഭരണം നടത്തും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.