ജോസഫ് ചിന്തകൾ 221: ജോസഫ് – ദൈവം സൃഷ്ടിച്ച തനിമയിൽ ജീവിച്ചവൻ

ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വി. കാർലോ അക്യുറ്റിസിന്റെ ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. “എല്ലാ മനുഷ്യരും ഒറിജിനലായി ജനിച്ചവരാണ്. പക്ഷേ പലരും ഫോട്ടോകോപ്പികളായി മരിക്കുന്നു.” പതിനഞ്ചാം വയസ്സിൽ ലൂക്കേമിയ ബാധിച്ചു മരിച്ച ഒരു കൗമാരക്കാരന്റെ വാക്കുകളാണിവ.

കാർലോയുടെ കൊച്ചുജീവിതത്തിനിടയിൽ ആയിരക്കണക്കിനു മനുഷ്യരെയാണ് തന്റെ വിശ്വാസസാക്ഷ്യത്താലും ദിവ്യകാരുണ്യത്തോടുള്ള അതിരറ്റ ഭക്തിയാലും അടുപ്പിച്ചത്. വി. യൗസേപ്പിതാവിന്റെ ജീവിതത്തെ നോക്കിക്കാണുമ്പോൾ ദൈവപിതാവ് സൃഷ്ടിച്ച ഒറിജിനാലിറ്റയിൽ തന്നെ ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യൗസേപ്പിതാവ്. കപടതയോ വഞ്ചനയോ ഇരട്ട സ്വഭാവമോ ആ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ദൈവപിതാവ് സൃഷ്ടിച്ച ഒറിജിനാലിറ്റിയിൽ, തനിമയിൽ തന്നെ യൗസേപ്പിതാവ് മരിക്കുകയും ചെയ്തു. ഭൂമിയിൽ ജീവിച്ച ആരുടെയും ഫോട്ടോകോപ്പിയാകാൻ അവൻ പരിശ്രമിച്ചില്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും നിലകൊള്ളുകയായിരുന്നു അവന്റെ കടമയും ഉത്തരവാദിത്വവും. അതായിരുന്നു അവന്റെ ജീവിതവിജയവും. നിർമ്മലമായ മനസാക്ഷിയും ദൈവഹിതത്തോടുണ്ടായിരുന്ന തുറന്ന സമീപനവും അവനെ അതിനു സഹായിച്ചു എന്നുവേണം കരുതുവാൻ.

ആരുടെയെങ്കിലുമൊക്കെ ഫോട്ടോകോപ്പികളാകാൻ നമ്മൾ പരിശ്രമിക്കുമ്പോൾ സന്തോഷവും സംതൃപ്തിയും നമ്മുടെ ജീവിതത്തിൽ നിന്നു പടിയിറങ്ങുകയാണ്. മറ്റുള്ളവരെ പ്രസാദിപ്പിക്കാൻ മാത്രം ജീവിതത്തെ ക്രമപ്പെടുത്തുമ്പോൾ സ്വജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ നാം പരാജയപ്പെടുന്നു. ദൈവം നമുക്കു നൽകിയ തനിമയിൽ ജീവിച്ച് നമ്മുടെ ജീവിതത്തെ നമുക്കു മനോഹരമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.