ജോസഫ് ചിന്തകൾ 22: ഉറങ്ങുന്ന ജോസഫ് നൽകുന്ന പാഠങ്ങൾ

ഫ്രാൻസിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഉറങ്ങുന്ന വി. ജോസഫിനെക്കുറിച്ചാണ് ഇന്നത്തെ ജോസഫ് ചിന്ത.

2015-ൽ ഫ്രാൻസിസ് പാപ്പ ഫിലിപ്പിയൻസ് സന്ദർശനവേളയിൽ, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം തനിക്ക് എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു പറയുന്നു: “എനിക്ക് വി. യൗസേപ്പിതാവിനോട് വലിയ സ്നേഹമുണ്ട്. കാരണം, അവൻ നിശബ്ദതയുടെയും ധൈര്യത്തിന്റെയും മനുഷ്യനാണ്. എന്റെ മേശപ്പുറത്ത് ഉറങ്ങുന്ന യൗസേപ്പിതാവിന്റെ ഒരു രൂപമുണ്ട്. ഉറങ്ങുമ്പോഴും അവൻ സഭയെ സംരക്ഷിക്കുന്നു.”

ജോസഫ് ഏറ്റവും നിശബ്ദനായിരിക്കുന്ന സമയത്താണ് അതായത്, അവൻ ഉറങ്ങുമ്പോഴാണ് ദൈവം ഏറ്റവും സവിശേഷമായ രീതിയിൽ ജോസഫിനോട് സംസാരിക്കുന്നത്. സ്വപ്നത്തിൽ ദൈവം ജോസഫിനോട്, മറിയത്തെ ഭാര്യയായി സ്വീകരിക്കാനും ഹേറോദോസിൽ നിന്നു രക്ഷപ്പെടാൻ ഈജിപ്തിലേയ്ക്കു പലായനം ചെയ്യുവാനും ഭീഷണി തീർന്നപ്പോൾ നസ്രത്തിലേയ്ക്ക് തിരികെ വരാനും ആഹ്വാനം ചെയ്യുന്നു.

ദൈവം സാധാരണയായി നമ്മോട് അത്ര നേരിട്ടും നാടകീയമായും സംസാരിക്കുന്നില്ലെങ്കിലും നമ്മൾ ആന്തരികമായി നിശബ്ദമാകുന്ന സന്ദർഭങ്ങളിൽ അവൻ പലപ്പോഴും സംസാരിക്കാറുണ്ട്. അവ ഹൃദയം കൊണ്ട് ശ്രവിക്കുക.

ജോസഫിന് മൂന്നു സ്വപ്നങ്ങളുണ്ടായി. മൂന്നു തവണയും ഉടൻ തന്നെ, അവനു ലഭിച്ച നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചു. ദൈവസ്വരം കേൾക്കുമ്പോൾ നമ്മുടെ ആഗ്രഹങ്ങളും അഭിരുചികളും മാറ്റിവച്ച് ഹൃദയങ്ങളിൽ മന്ത്രിക്കുന്ന ദൈവസ്വരത്തോടു ചേർന്ന് പ്രവർത്തിക്കാൻ യൗസേപ്പിതാവ് ആവശ്യപ്പെടുന്നു.

ഫിലിപ്പിയൻസിൻ വച്ചു നടന്ന സമ്മേളനത്തിൻ താൻ വി. യൗസേപ്പിനോട് എങ്ങനെ സംവദിക്കുന്നു എന്നതിനുള്ള പ്രായോഗികനിർദ്ദേശവും ഫ്രാൻസിസ് പാപ്പ നൽകുകയുണ്ടായി. “എനിക്ക് ഒരു പ്രശ്നമോ ബുദ്ധിമുട്ടോ ഉള്ളപ്പോൾ അതൊരു കുറിപ്പായി എഴുതി ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിനടിയിൽ വയ്ക്കും. അപ്പോൾ യൗസേപ്പിതാവിന് അതിനെപ്പറ്റി സ്വപ്നം കാണാൻ കഴിയും! മറ്റൊരർത്ഥത്തിൽ ഈ പ്രശ്നത്തിൽ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അവനോടു പറയുകയാണ് ചെയ്യുന്നത്.” നമ്മുടെ ഏതു പ്രശ്നങ്ങളും യൗസേപ്പിനു സമർപ്പിക്കുന്ന ഒരു ശീലം സ്വന്തമാക്കുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.