ജോസഫ് ചിന്തകൾ 21: യൗസേപ്പ് – നൽമരണ മദ്ധ്യസ്ഥൻ

കത്തോലിക്കാ വിശ്വാസ പാരമ്പര്യമനുസരിച്ച് വി. യൗസേപ്പ് നൽമരണ മദ്ധ്യസ്ഥനാണ്. സഭാപാരമ്പര്യമനുസരിച്ച് യൗസേപ്പ് യേശുവിന്റെയും മറിയത്തിന്റെയും കരങ്ങളിൽ കിടന്നാണ് മരിച്ചത്. ദൈവപുത്രന്റെയും ദൈവജനനിയുടെയും കരങ്ങളിൽ കിടന്നു മരിക്കുക എന്നത് ദൈവകൃപയുടെ ഏറ്റവും വലിയ വരദാനമായും കത്തോലിക്കാ സഭാപാരമ്പര്യമനുസരിച്ച് “ഏറ്റവും നല്ല മരണവുമാണ്.” സ്വർഗ്ഗത്തിലേയ്ക്കുള്ള മടക്കയാത്രയിൽ ഇത്രയും ഭാഗ്യപ്പെട്ട അവസരം ലഭിച്ച ഒരു വ്യക്തിയും ഈ ലോകത്തിലില്ല. ഈ വിശ്വാസമാണ് നൽമരണങ്ങളുടെ മദ്ധ്യസ്ഥനായി യൗസേപ്പ് പിതാവിനെ വണങ്ങാൻ കാരണം.

തിരുസഭയിലെ രണ്ട് വേദപാരംഗതരായ (Doctors of the Church) വി. ഫ്രാൻസീസ് ഡീ സാലസും വി. അൽഫോൻസ് ലിഗോരിയും, വി. യൗസേപ്പ് ദൈവസ്നേഹത്തിൽ മരിച്ചു എന്ന സത്യം ഉറപ്പിച്ചു പറയുന്നു. ഈ ലോകജീവിതത്തിൽ ഇത്രമാത്രം ദൈവത്തെ സ്നേഹിച്ച ഒരു വിശുദ്ധന് തന്റെ കടമകളെല്ലാം നിർവ്വഹിച്ചശേഷം ദൈവസ്നേഹത്തിലല്ലാതെ മരിക്കാനാവില്ല എന്ന് അവർ പഠിപ്പിക്കുന്നു. “നിത്യപിതാവ് നിന്നെ ഭരമേല്പിച്ച ജോലികളെല്ലാം നീ പൂർത്തിയാക്കി. സ്വർഗ്ഗസ്ഥനായ പിതാവ് നിന്റെ കരങ്ങളിൽ ഭരമേല്പിച്ച നിന്റെ പുത്രന്റെ കൈകളിൽ കിടന്ന് ഈ ലോകം വിട്ട് പിതാവിന്റെ ഭവനത്തിലേയ്ക്കു തിരികെപ്പോകാൻ നിനക്ക് അവസരം ലഭിച്ചു. എന്റെ ആത്മാവിനെയും നിന്റെ കരങ്ങളിൽ ഭരമേല്പിക്കുന്നു” എന്ന് വി. യൗസേപ്പ് പിതാവിനെപ്പറ്റി ഫ്രാൻസീസ് സാലസ് എഴുതിയിരിക്കുന്നു.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 1014-ാം നമ്പറിൽ മരണനേരത്ത് നമ്മൾ എങ്ങനെ ഒരുങ്ങണമെന്നു പഠിപ്പിക്കുന്നു: “നമ്മുടെ മരണമണിക്കൂറിനായി നമ്മെത്തന്നെ ഒരുക്കാൻ സഭ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. വിശുദ്ധന്മാരുടെ ലുത്തിനിയായിൽ സഭ, ‘പെട്ടെന്നുള്ളതും മുൻകൂട്ടി കാണാത്തതുമായ മരണത്തിൽ നിന്ന് കർത്താവേ, ഞങ്ങളെ രക്ഷിക്കണമേ’ എന്നു പ്രാർത്ഥിക്കുന്നു. നന്മ നിറഞ്ഞ മറിയമേ എന്ന ജപത്തിൽ ‘ഞങ്ങളുടെ മരണസമയത്ത്’ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ എന്ന് ദൈവമാതാവിനോടു യാചിക്കാനും സൗഭാഗ്യപൂര്‍ണ്ണമായ മരണത്തിന്റെ മദ്ധ്യസ്ഥനായ വി. യൗസേപ്പിന് നമ്മെത്തന്നെ ഭരമേൽപിക്കാനും സഭ ആവശ്യപ്പെടുന്നു” (CCC 1014).

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.