ജോസഫ് ചിന്തകൾ 20: ജോസഫ് – അനുസരണയുള്ള പിതാവ്

അനുസരണയുള്ള യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. അനുസരണയുള്ള മക്കളെപ്പറ്റി നാം കേട്ടിട്ടുണ്ട്. അനുസരിക്കുന്ന പിതാവ് അതാണ് വിശുദ്ധ യൗസേപ്പിൻ്റെ അനന്യത, ആ വിശുദ്ധ ജീവിതത്തിൻ്റെ മഹത്വം. 2020 സെപ്‌റ്റംബർ മാസം ഇരുപത്തിയേഴാം തീയതിയിലെ മദ്ധ്യാഹ്ന പ്രാർത്ഥനയിലെ വചന സന്ദേശത്തിൽ അനുസരണം സമ്മതം മൂളലല്ല, കർമ്മമാണ്, ദൈവരാജ്യ നിർമ്മിതിയാണ്, എന്നു ഫ്രാൻസീസ് പാപ്പ ഉദ്ബോധിപ്പിക്കുകയുണ്ടായി. യൗസേപ്പിതാവിൻ്റെ ജീവിതം വെറും സമ്മതം മൂളലിൻ്റേതായിരുന്നില്ല. അതു ദൈവത്തിനു വേണ്ടിയുള്ള കർമ്മമായിരുന്നു. അത്തരം ജീവിത ശൈലിയിൽ തിന്മയോക്കോ അസത്യത്തിനോ സ്വാർത്ഥതയ്ക്കോ സ്ഥാനമില്ല, പരോമുഖതയാണ് ലക്ഷ്യം.

ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു യൗസേപ്പിൻ്റെ ജീവിതം പഠിപ്പിക്കുന്നു. ദൈവാരൂപിയാൽ നയിക്കപ്പെടുമ്പോൾ യൗസേപ്പിനെപ്പോലെ നാമും അനുസരണയുള്ളവരും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരുമായി നാം മാറുന്നു. അതുവഴി അനുസരണം രക്ഷയിലേക്കുള്ള തുറന്ന മാർഗ്ഗമായി തീരുന്നു.

ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽ, “അനുസരിക്കാൻ സന്നദ്‌ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും.” (ഏശയ്യാ 1:19 ) എന്നു നാം വായിക്കുന്നു. തിരു കുടുബത്തിൻ്റെ ഐശ്വര്യം അനുസരണയുള്ള യൗസേപ്പായിരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയിൽ നാം കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂർണ്ണവുമായ കുടുബം തിരുകുടുംബമായിരുന്നു. ദൈവ വചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും സമ്പൂർണ്ണ വധേയത്വമായിരുന്നു അതിനു നിദാനം. അനുസരണ വിജയത്തിന്റെ മാതാവും സുരക്ഷിതത്വത്തിന്റെ പത്നിയുമാണ് എന്ന ഗ്രീക്ക് പഴമൊഴിയും നമുക്കു ഓർമ്മിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.