ജോസഫ് ചിന്തകൾ 190: ജോസഫ് – എല്ലാ സാഹചര്യത്തിലും ദൈവത്തിൽ ശരണപ്പെട്ടവൻ

“പ്രകാശമോ ഇരുട്ടോ ആയാലും എല്ലാ സഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടുക. കാർമേഘങ്ങൾ നിന്റെ മുകളിൽ അസ്തമയം വിരിക്കുമ്പോഴും സൂര്യൻ നമ്മെ നോക്കി മൃദുവായി പുഞ്ചിരിക്കുമ്പോഴും എല്ലാം ദൈവകരങ്ങളിൽ ഭരമേല്പിക്കുക” – ദൈവവചന സഭയുടെ (SVD) സ്ഥാപകനായ വി. അർനോൾഡ് ജാൻസ്സെൻ (1837-1907) ൻ്റെ വാക്കുകളാണിവ.

യൗസേപ്പിതാവിന്റെ ജീവിതവുമായി വളരെ ചേർന്നുപോകുന്നതാണ് ഈ വരികൾ. ഏതു സാഹചര്യത്തിലും ദൈവത്തിൽ ശരണം പ്രാപിച്ച വ്യക്തിയായിരുന്നു യൗസേപ്പ്. ജിവിതത്തിലെ നിറഭേദങ്ങൾ ആയിരുന്നില്ല യൗസേപ്പിതാവിന്റെ ദൈവാശ്രയബോധത്തെ നിയന്ത്രിച്ചിരുന്നത്. അത് എന്നും സ്ഥായിയായിരുന്നു.

1875-ൽ ഹോളണ്ടിലെ സ്റ്റയിൽ (Steyl) എന്ന ഗ്രാമത്തിൽ സ്ഥലം വാങ്ങി മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നാമത്തിൽ ഒരു മിഷൻ ഹൗസ് സ്ഥാപിക്കുമ്പോൾ ദൈവപരിപാലനയിലുള്ള ആശ്രയം മാത്രമായിരുന്നു അർനോൾഡച്ചന്റെ കൈമുതൽ. ഈ ദൈവാശ്രയ ബോധമാണ് ദൈവവചന സഭയെ (Society of the Divine Word) രൂപികരിക്കുന്നതിലും 1879-ൽ ചൈനയിലേക്ക് ആദ്യ മിഷനറിമാരെ അയക്കുന്നതിലും നിഴലിച്ചുനിന്നത്.

വി. യൗസേപ്പിതാവിന്റെയും വി. അർനോൾഡ് ജാൻസ്സെൻ്റെയും മാതൃക പിൻചെന്ന് എല്ലാ സാഹചര്യങ്ങളിലും ദൈവത്തിൽ ശരണപ്പെടാൻ നമുക്കു പരിശ്രമിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.