ജോസഫ് ചിന്തകൾ 185: ജോസഫ് – ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ

തിരുസഭയിലെ പല പ്രാർത്ഥനകളിലും വി. യൗസേപ്പിതാവിനെ ഈശോയുടെ തിരുഹൃദയ കൃപകളുടെ വിതരണക്കാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. എന്തു കാരണത്താലാണ് ഈ അഭിസംബോധന?

ഒന്നാമതായി, അവതരിച്ച വചനമായ ഈശോയുടെ ഹൃദയം ഈ ഭൂമിയിൽ പരിപോഷിപ്പിക്കപ്പെട്ടത് നസറത്തിലെ തിരുക്കുടുംബത്തിൽ പരിശുദ്ധ കന്യകാമറിയവും വി. യൗസേപ്പിതാവും തമ്മിലുള്ള സ്നേഹകൂട്ടായ്മയിലാണ്. മറിയത്തോടൊപ്പം യൗസേപ്പിതാവും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും സ്നേഹവും ആദരവും ആരാധാനയും എന്നും കൊടുക്കുകയും ചെയ്തിരുന്നു.

വി. പീറ്റർ ജൂലിയൻ എയ്മാർഡ് ഇപ്രകാരം പഠിപ്പിക്കുന്നു: “പരിശുദ്ധ മറിയം കഴിഞ്ഞാൽ നമ്മുടെ കർത്താവിന്റെ ഏറ്റവും പരിപൂർണ്ണനായ ആരാധകന്‍ വി. യൗസേപ്പിതാവാണ്. യൗസേപ്പിതാവ് മറിയത്തോടൊപ്പം ഈശോയെ ആരാധിക്കുകയും അവനോട് ഐക്യപ്പെടുകയും ചെയ്തിരുന്നു.” ഈശോയുടെ തിരുഹൃദയത്തിന്റെ സ്നേഹത്തിന്റെ ചൂളയിൽ സ്വയം എരിയാൻ തയ്യാറായ യൗസേപ്പിതാവ് ആ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന കൃപകൾ തിരിച്ചറിയാനും വിതരണം ചെയ്യുവാനും ഏറ്റവും അനുയോജ്യനായ വ്യക്തിയാണ്.

രണ്ടാമതായി, ദൈവപിതാവ് തന്റെ പ്രിയപ്പെട്ട നിധികളെ ഭരമേല്പിച്ചത് വി. യൗസേപ്പിതാവിനെയാണ്. പൂർവ്വപിതാവായ ജോസഫിനെ ഫറവോയുടെ സ്വത്തുവകകളുടെ കാര്യവിചാരകനാക്കി ഇസ്രായേൽ ജനങ്ങളെ പോറ്റാൻ ദൈവം ചുമതലപ്പെടുത്തിയതുപോലെ ഈശോ തന്റെ തിരുരക്തം വിലയായി കൊടുത്തു വാങ്ങിയ സഭയെ സംരക്ഷിക്കുവാൻ പുതിയ നിയമത്തിലെ യൗസേപ്പിനാണ് ഉത്തരവാദിത്വം. അതോടൊപ്പം തന്റെ പുത്രന്റെ ഹൃദയത്തിൽ കാണപ്പെടുന്ന കൃപകളുടെ സമ്പത്ത് ഓരോ മക്കൾക്കും നൽകുവാനും അവന്റെ കരുണയുള്ള ഹൃദയത്തിൽ നമ്മെ അഭയം നൽകാനുമുള്ള വലിയ ദൗത്യവുമുണ്ട്.

തിരുഹൃദയത്തിന്റെ തിരുനാൾ ദിനത്തിൽ വി. യൗസേപ്പിതാവിനോടു ചേർന്നുനിന്നു കൊണ്ട് ആ ദിവ്യഹൃദയത്തിന്റെ കൃപകളും നിധികളും നമുക്കു സ്വന്തമാക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.