ജോസഫ് ചിന്തകൾ 182: വ്യത്യസ്തമായൊരു ജോസഫ് തിരുസ്വരൂപം

ഇന്ന് വി. യൗസേപ്പിതാവിന്റെ വളരെ വ്യത്യസ്തമായ ഒരു തിരുസ്വരൂപം കാണാനിടയായി. ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിങ്ങ് അതിരൂപതയിൽ ഫ്രൈസിങ്ങ് നൊയെസ്റ്റിഫ്റ്റിലെ വി. പത്രോസ് – പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിലാണ് പ്രസ്തുത രൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്. യൗസേപ്പിതാവിന്റെ വലതുകൈയ്യിൽ ഉണ്ണിയേശുവും ഇടതുകൈയ്യിൽ ലില്ലിപ്പൂക്കളുമുണ്ട്. പതിവിനു വിപരീതമായി വെള്ളനിറത്തിലുള്ള മേലങ്കിയിൽ സ്വർണ്ണനിറം കൊണ്ടുള്ള അലങ്കാരങ്ങളോടെയാണ് 1760-ാം ആണ്ടിൽ നിർമ്മിച്ചതായി കരുതുന്ന ഈ തിരുസ്വരൂപം. നൊയെസ്റ്റിഫ്റ്റിലുണ്ടായിരുന്ന യൗസേപ്പിതാവിന്റെ നാമത്തിലുള്ള ഒരു സാഹോദര്യ കൂട്ടായ്മയുടെ മദ്ധ്യസ്ഥനയാണ് ഈ തിരുസ്വരൂപത്തെ വിശ്വാസികൾ ബഹുമാനിച്ചിരുന്നത്.

ഉണ്ണീശോയുടെയും യൗസേപ്പിതാവിന്റെയും ദൃഷ്ടികൾ ഉന്നതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സ്വർഗ്ഗീയദർശനത്തിന്റെ മനോഹാരിതയും സായൂജ്യവും ഇരുവരുടെയും മുഖങ്ങളിൽ നിന്നും വായിച്ചെടുക്കാം. ഉണ്ണീശോയെ കരങ്ങളിൽ വഹിക്കുന്നവരുടെ ഹൃദയം സ്വർഗ്ഗത്തിലായിരിക്കും നങ്കൂരം ഉറപ്പിച്ചിരിക്കുന്നത് എന്ന് യൗസേപ്പിതാവ് മൗനമായി തന്റെ അടുക്കൽ വരുന്നവർക്ക് പറഞ്ഞുകൊടുക്കുന്നു. ഭൂമിയിലെ കോലാഹലങ്ങളോ സ്തുതിപാടകരുടെ ആരവമോ ഈശോയുടെ വളർത്തുപിതാവിനെ സ്വർഗ്ഗത്തിൽ നിന്നു ദൃഷ്ടി മാറ്റാൻ പര്യാപ്തമാകുന്നില്ല.

യൗസേപ്പിതാവിന് ഈ രൂപത്തിൽ ഒരു യുവാവിന്റെ പ്രായമേയുള്ളൂ. ദൈവാന്വേഷണവും സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള ജീവിതവും യുവജനങ്ങളുടെയും പ്രത്യേക കടമയും ഉത്തരവാദിത്വവുമാണന്ന് യൗസേപ്പിതാവ് ഓർമ്മിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.