ജോസഫ്‌ ചിന്തകള്‍ 176: യൗസേപ്പിതാവിന്റെ വിശുദ്ധ മേലങ്കി

പത്തൊമ്പതാം നൂറ്റാണ്ടിൽ എഡ്വേർഡ് ഹീലി തോപ്സൺ എഴുതിയ ദ ലൈഫ് ആൻഡ് ഗ്ലോറീസ് ഓഫ് സെൻ്റ് ജോസഫ് (The Life and Glories of St. Joseph) എന്ന ഗ്രന്ഥത്തിൽ വി. യൗസേപ്പിന്റെ മേലങ്കിയെപ്പറ്റി ഒരു ചെറുവിവരണമുണ്ട്. അത് ഇപ്രകാരമാണ്: ” ഇപ്പോൾ വി. യൗസേപ്പിതാവിന്റെ യഥാർത്ഥ തിരുശേഷിപ്പുകളൊന്നും നിലവിലില്ല. അവന്റെ വിശുദ്ധമായ ശരീരത്താൽ സ്പർശിക്കപ്പെട്ട വസ്ത്രത്തിന്റെ ചില ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. റോമിൽ വി. യൗസേപ്പിതാവിന്റെ മേലങ്കിയുടെ സവിശേഷമായ ഒരു തിരുശേഷിപ്പുണ്ട്. അത്രയധികം വണങ്ങപ്പെടേണ്ട ഒരു തിരുശേഷിപ്പാണിത്. കാരണം, ഉണ്ണീശോയെ കൈകളിൽ പിടിക്കുമ്പോൾ ഉണ്ണീശോയെ യൗസേപ്പിതാവ് പൊതിഞ്ഞുസൂക്ഷിച്ചിരുന്നത് ഈ മേലങ്കിക്കുള്ളിലായിരുന്നു.

അതുല്യമായ ഈ തിരുശേഷിപ്പ് റോമിലെ പുരാതന കോളേജൂ ദൈവാലയങ്ങളിലൊന്നായ വി. അനസ്താസിയുടെ പള്ളിയിലാണ്. എ.ഡി. 300-കളിലാണ് ഈ ദൈവാലയം റോമൻ പ്രഭുവായ അപ്പോളോണിയ നിർമ്മിച്ചത്. വി. ജറോമിനെ പൊന്തിഫിക്കൽ കാര്യങ്ങൾക്കായി വി. ദമാസസ് റോമിലേക്കു വിളിച്ചപ്പോൾ മൂന്നു വർഷക്കാലം ദിവ്യബലി അർപ്പിച്ചത് ഈ തിരുശേഷിപ്പ് അടക്കം ചെയ്തിരിക്കുന്ന അൾത്താരയുടെ മുകളിലായിരുന്നു.”

ഈ മേലങ്കി വിശുദ്ധനാട്ടിൽ നിന്ന് എപ്രകാരം റോമിൽ എത്തി എന്നതിന് തെളിവുകളില്ല. വി. യൗസേപ്പിതാവിന്റെ ബഹുമാനത്തിനുള്ള ഭക്തകൃത്യങ്ങളിൽ പ്രസിദ്ധമായ വിശുദ്ധ മേലങ്കിയോടുള്ള നോവേന രൂപപ്പെടുന്നത് ഈ വിശ്വാസത്തിൽ നിന്നാണ്. മുപ്പതു ദിവസം തുടർച്ചയായി അനുഷ്ഠിക്കേണ്ട ഒരു പ്രാർത്ഥനായജ്ഞമാണിത്. ഈശോയോടൊപ്പം വളർത്തുപിതാവായ യൗസേപ്പ് മുപ്പതു വർഷം ജീവിച്ചു എന്ന പാരമ്പര്യത്തിൽ നിന്നാണ് ഈ പ്രാർത്ഥന മുപ്പതു ദിവസം നീണ്ടുനിൽക്കുന്നത്.

ഉണ്ണീശോയെ സംരക്ഷിച്ച യൗസേപ്പിതാവ് തന്റെ പക്കൽ അണയുന്നവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന വിശ്വാസമാണ് മുപ്പതു ദിവസത്തെ ഈ പ്രാർത്ഥനയുടെ പ്രേരകശക്തി.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.