ജോസഫ് ചിന്തകൾ 173: ജോസഫ് – പരിശുദ്ധ ത്രിത്വത്തിൽ ബന്ധിക്കപ്പെട്ടവർ

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ ദിനത്തിൽ പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതം നയിച്ച വി. യൗസേപ്പിതാവായിരിക്കട്ടെ നമ്മുടെ വഴികാട്ടി.

ക്രിസ്തീയ കലയിൽ പരിശുദ്ധ ത്രിത്വത്തെ ഏറ്റവും ലളിതമായ രീതിയിൽ ചിത്രീകരിക്കുന്ന അടയാളമാണ് ത്രിത്വ കെട്ട് അഥവാ Trinity Knot. ഇതിനെ ചിലപ്പോൾ ത്രികെത്രാ (triquetra) എന്നും വിശേഷിപ്പിക്കാറുണ്ട്. പരസ്പരം ബന്ധിതമായിരിക്കുന്ന ഇലയുടെ ആകൃതി പോലുള്ള മൂന്നു രൂപങ്ങൾ, അവയ്ക്ക് മൂന്നു കോണുകൾ, അവയ്ക്കു നടുവിലായി ഒരു വൃത്തം. ഇത് നിത്യജീവനെ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധ ത്രിത്വവുമായി ബന്ധിക്കപ്പെട്ട ജീവിതമായിരുന്നു യൗസേപ്പിതാവിന്റെ ജീവിതം.

പിതാവിന്റെ പ്രതിനിധിയും പുത്രന്റെ കാവൽക്കാരനും പരിശുദ്ധാമാവിന്റെ ആജ്ഞാനുവർത്തിയും എന്ന നിലയിൽ പരിശുദ്ധ ത്രിത്വത്തെ മറന്നൊരു ജീവിതം അവനില്ലായിരുന്നു. അതിനാൽ തിരുക്കുടുംബത്തെ പരിശുദ്ധ ത്രിത്വത്തിന്റെ ഭൂമിയില്‍ പതിപ്പിക്കാൻ അവന് തെല്ലും ബുദ്ധിമുട്ടില്ലായിരുന്നു. ഈശോയും പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവും പരസ്പരം സ്നേഹിച്ചും പങ്കുവച്ചും ഒരുമയോടെ ജീവിച്ചപ്പോൾ ത്രിത്വജീവിതം ഭൂമിയിൽ ജീവിക്കാനാവും എന്ന് നസറത്തിലെ കുടുബം തെളിയിക്കുകയായിരുന്നു.

അപരനെ സന്തോഷത്തോടെ സ്നേഹിക്കുകയോ സഹായിക്കുകയോ പരിചരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയും പരിശുദ്ധ ത്രിത്വത്തിന്റെ പ്രതിഫലനമാണെന്ന് യൗസേപ്പിതാവ് പഠിപ്പിക്കുന്നു. അതുപോലെ തന്നെ പരസ്പരം സ്നേഹിച്ചും ആദരിച്ചും സഹായിച്ചും ജീവിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും പരിശുദ്ധ ത്രിത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ആ പുണ്യജീവിതം നമ്മളെ പഠിപ്പിക്കുന്നു.

വി. യൗസേപ്പിതാവ് പരിശുദ്ധ ത്രിത്വത്തെ സ്നേഹിച്ചതുപോലെ നമുക്കും വിശ്വസത്തിന്റെ ഈ മഹാരഹസ്യത്തെ സ്നേഹിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.