ജോസഫ് ചിന്തകൾ 168: ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരിക്കുന്ന യൗസേപ്പിതാവ്

തെന്ത്രോസ് സൂനഹദോസിനു ശേഷം (1545-1563) ആരംഭിച്ച സഭാനവീകരണ കാലഘട്ടത്തില്‍ കാൽവിനിസ്റ്റുകൾ മതപരമായ ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ നിന്നു നീക്കം ചെയ്തെങ്കിലും കത്തോലിക്കാ സഭ തിരുസ്വരൂപങ്ങളെയും ചിത്രങ്ങളെയും പ്രോത്സാഹിപ്പിച്ചിരുന്നു. പതിനേഴ് – പതിനെട്ട് നൂറ്റാണ്ടുകളിൽ കത്തോലിക്കാ പാരമ്പര്യത്തിൽ വളരെയധികം ചിത്രങ്ങളും തിരുസ്വരൂപങ്ങളും വിശുദ്ധരുടെ നാമധേയത്തിലും ഉണ്ടായി. വി. യൗസേപ്പിതാവിന്റെ ബഹുമാനാർത്ഥവും ധാരാളം ചിത്രങ്ങളും രൂപങ്ങളും ദൈവാലയങ്ങളിൽ സ്ഥാനം പിടിച്ചു. അത്തരത്തിൽ പ്രസിദ്ധമായ ഒരു ചിത്രമാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജുസെപ്പെ മരിയ ക്രിസ്പി എന്ന ഇറ്റാലിയൻ ചിത്രകാരൻ വരച്ച വി. ജോസഫിന്റെ മരണം (Death of Saint Joseph) എന്ന ചിത്രം. ബോളോഞ്ഞ കർദ്ദിനാളിന്റെ താൽപര്യപ്രകാരമാണ് ഈ ചിത്രം വരച്ചത്. വൃദ്ധനായ യൗസേപ്പ് ലളിതവുമായ ഒരു വീട്ടിൽ മരണക്കിടക്കയിലാണ് . അദേഹത്തിന്റെ വടിയും പണിയായുധങ്ങളും കിടക്കയുടെ സമീപത്തുണ്ട്.

നമ്മുടെ ക്ഷണികമായ ജീവിതത്തിന്റെ സ്വഭാവമാണ് ഇതു വരച്ചുകാണിക്കുന്നത്. വിശുദ്ധനായ ഭർത്താവും കഠിനദ്ധ്വാനിയുമായ യൗസേപ്പിന് തന്റെ ഭൗതികസമ്പത്തുകൾ വിട്ടുപേക്ഷിക്കുന്നതിൽ ഒരു മടിയുമില്ല എന്ന് ഇത് സൂചിപ്പിക്കുന്നു. ഒരുവശത്ത് പരിശുദ്ധ മറിയം നിറഞ്ഞ കണ്ണുകളുമായി പ്രാർത്ഥിക്കുന്നു, മറുവശത്ത് ഈശോയാണ്. യൗസേപ്പിതാവിന്റെ ശ്രദ്ധ മുഴുവനും ആശീർവ്വാദം നൽകുന്ന ഈശോയുടെ മുഖത്താണ്. ഈശോയുടെ ആശീർവ്വാദം സ്വീകരിച്ചു മരണം വരിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. നൽമരണ മദ്ധ്യസ്ഥനായി യൗസേപ്പിനെ കാണുന്നതിന്റെ മുഖ്യകാരണവും ഇതാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.