ജോസഫ് ചിന്തകൾ 167: ജോസഫ് – സഭാമാതാവായ മറിയത്തിന്റെ സംരക്ഷകൻ

2021 മെയ് മാസം ഇരുപത്തിനാലാം തീയതി സഭാമാതാവായ മറിയത്തിന്റെ തിരുനാൾ നാലാം തവണ തിരുസഭ ആഘോഷിക്കുന്നു. 2018-ലാണ് ഫ്രാൻസിസ് പാപ്പ പെന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞ് പിറ്റേദിവസം സഭാമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ (Beatae Mariae Virginis, Ecclesiae Matris) ഓർമ്മയായി ആഗോളസഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്.

ഈ ഓർമ്മത്തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീകശരീരമായ സഭയുടെയും അമ്മയെന്ന നിലയിൽ മറിയത്തിനുള്ള കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച്, പെന്തക്കുസ്താ ദിനം പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ ഇറങ്ങിവന്നപ്പോൾ മറിയം അവരോടൊപ്പം ഉണ്ടായിരുന്നു. അപ്പസ്തോലന്മാരുടെ ആദ്യകാല ശുശ്രൂഷയ്ക്കു മറിയം സാക്ഷിയായിരുന്നു. ആദിമ ക്രൈസ്തവർ മറിയത്തെ സഭയുടെ ആത്മീയമാതൃത്വത്തിന്റെ പ്രതീകമായി മനസ്സിലാക്കിയിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ജനതകളുടെ പ്രകാശം Lumen Gentium, എന്ന പ്രമാണരേഖയുടെ എട്ടാം അദ്ധ്യായം, ക്രിസ്തുവിന്റെയും സഭയുടെയും രഹസ്യത്തിൽ കന്യകാമറിയത്തിന്റെ സ്ഥാനം എന്നതാണ്. വി. പോൾ ആറാമാൻ പാപ്പയാണ് രണ്ടാം വത്തിക്കാൻ കൗൺസിലിൽ മറിയത്തിന് സഭാമാതാവ് എന്ന പദവി ഔദ്യോഗികമായി നൽകിയത്.

ജോസഫ് സഭയുടെ സംരക്ഷകനാണ്. അതോടൊപ്പം സഭാമാതാവായ മറിയത്തിന്റെയും സംരക്ഷകനാണ്. ഉണ്ണിയേശുവിനും മറിയത്തിനും സംരക്ഷണയുടെ പടച്ചട്ട തീർത്ത യൗസേപ്പിതാവ് ഇഹലോക ജീവിതത്തിനുശേഷം സ്വർഗ്ഗത്തിലിരുന്നുകൊണ്ട് മിശിഹായുടെ മൗതീകശരീരമായ സഭയെ കാത്തുപാലിക്കാൻ നിരന്തരം ശ്രദ്ധ ചെലുത്തുന്നു. ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ “സഭയിൽ, വൈദികരിലും സന്യാസികളിലും വിശ്വാസികളിലും മാതൃത്വബോധം പ്രോത്സാഹിപ്പിക്കാനും യഥാർത്ഥ മരിയഭക്തിയിൽ വളരുന്നതിനാണ്” സഭാമാതാവായ മറിയത്തിന്റെ പുതിയ ഓർമ്മദിനത്തിന് ആരംഭം കുറിച്ചത് എന്നാണ്. മനുഷ്യവതാര രഹസ്യത്തിൽ മറിയത്തോടൊപ്പം സഹകാരിയായ യൗസേപ്പിതാവ് യഥാർത്ഥ മരിയഭക്തനായിരുന്നു.

ആ വത്സലപിതാവിൽ മാതൃത്വബോധവും ആഴത്തിലുണ്ടായിരുന്നു. മറിയത്തെ ഈശോയുടെ അമ്മയും നമ്മുടെ അമ്മയുമായി കാട്ടിത്തരുന്ന കെടാവിളക്കാണ് യൗസേപ്പിതാവ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.