ജോസഫ് ചിന്തകൾ 152: മാതൃഹൃദയം സ്വന്തമാക്കിയ അപ്പൻ

ഇന്ന് മാതൃദിനമാണ്. മാതൃഭാവത്തെ ലോകം വാഴ്ത്തിപ്പാടുന്ന ദിനം. അമ്മയുടെ ആർദ്രതയും വാത്സല്യവും ത്യാഗങ്ങളും ലോകം ആദരവോടെ ഓർമ്മിക്കുന്ന ദിനം. എന്നാൽ ഇന്നേ ദിനം മാതൃഭാവം സ്വന്തമാക്കിയ ഒരു അപ്പനെക്കുറിച്ചാണ് എന്റെ വിചിന്തനം.

“അച്ചാ, വരുന്ന ബുധനാഴ്ച എന്റെ ഭാര്യയുടെ മരണവാർഷികമാണ്. ഇരുപത്തിരണ്ടു വർഷമായി അവൾ എന്നെ വിട്ടുപോയിട്ട്. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ നൽകി അവൾ സ്വർഗ്ഗതീരത്തേയ്ക്കു യാത്രയാകുമ്പോൾ, നമ്മുടെ മക്കളെ പൊന്നുപോലെ നോക്കണേ അച്ചായ എന്ന ഒറ്റ അഭ്യർത്ഥനയേ അവൾക്കുണ്ടായിരുന്നുള്ളൂ. വീട്ടുകാരും നാട്ടുകാരും ഒരു പുനർവിവാഹത്തിനു നിർബദ്ധിച്ചെങ്കിലും എന്റെ മക്കളുടെ മുഖം അതിനു സമ്മതിച്ചില്ല അച്ചാ…” കുർബാനയ്ക്കുള്ള പൈസ നീട്ടിക്കൊണ്ട് തോമസു ചേട്ടൻ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ഠമിടറുന്നുണ്ടായിരുന്നു. “ഒരു കുറവും ദൈവം തമ്പുരാനെ ഓർത്ത് എന്റെ മക്കൾക്കു വരുത്തിയിട്ടില്ലച്ചാ” – തോമസു ചേട്ടൻ തുടർന്നു.

ഏകദേശം പതിനഞ്ചു മിനിറ്റത്തെ സംഭാഷണത്തിനു ശേഷം സ്തുതി ചൊല്ലി തോമസു ചേട്ടൻ പള്ളിമേടയുടെ പടികൾ ഇറങ്ങുമ്പോൾ വണക്കമാസ സമാപനത്തിനുള്ള പ്രസംഗത്തിന് ഒരു പോയിൻ്റ് കിട്ടിയ സന്തോഷത്തിലായിരുന്നു ആ കൊച്ചച്ചൻ. വേഗം ഡയറിയെടുത്ത് ഇപ്രകാരം കുറിച്ചു: മാതൃഹൃദയം സ്വന്തമാക്കിയ ഒരു അപ്പനെ ഞാനിന്നു കണ്ടെത്തി. ഭാര്യയുടെ മരണദിനത്തിൽ അമ്മയായി പിറന്ന ഒരു അപ്പനെ ഞാനിന്നു കണ്ടു. മാതൃഭാവമുള്ള അപ്പന്മാർ ലോകത്തിന്റെ സുകൃതവും മക്കളുടെ ഐശ്വര്യവും…

ഒരർത്ഥത്തിൽ മാതൃഭാവം സ്വന്തമാക്കിയ അപ്പനല്ലേ യൗസേപ്പിതാവ്. മാതൃഹൃദയം സ്വന്തമാക്കിയതുകൊണ്ടല്ലേ ഏതുറക്കത്തിലും ഉണർവ്വുള്ളവനായി അവൻ നിലകൊണ്ടതും ശാന്തമായി ദൈവികപദ്ധതികളോടു സഹകരിച്ചതും.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.