ജോസഫ് ചിന്തകൾ 145: യൗസേപ്പിതാവിനെ സ്നേഹിച്ച അന്ധയായ വിശുദ്ധ

മധ്യകാലഘട്ടങ്ങളിൽ വി. യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യസഭയിൽ അത്ര സർവ്വസാധാരണമായിരുന്നില്ല. പതിനാലാം നൂറ്റാണ്ടിലാണ് യൗസേപ്പിതാവിനോടുള്ള ഭക്തി പാശ്ചാത്യസഭയിൽ ആരംഭിക്കുന്നതും വ്യാപിക്കാൻ തുടങ്ങന്നതും. യൗസേപ്പിതാവിനോടുള്ള ഭക്തിയുടെ ആദ്യകാല പ്രചാരകരിൽ ഒരാളാണ് ഇറ്റലിയിലെ കാസ്റ്റെല്ലോയിലെ വി. മാർഗരറ്റ് (1287-1320) എന്ന ഡോമിനിക്കൻ മൂന്നാം സഭയിലെ ഈ അത്മായ വിശുദ്ധ. കഴിഞ്ഞ ഏപ്രിൽ ഇരുപത്തിനാലാം തീയതിയാണ് അന്ധയായിരുന്ന മാർഗരറ്റിനെ വിശുദ്ധ പദവി പ്രഖ്യാപനത്തിൽ സാധാരണയുള്ള നടപടിക്രമങ്ങളില്ലാതെ തന്നെ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്.

വില്യം ബോണിവെൽ എഴുതിയ മാർഗരറ്റിന്റെ ജീവിചരിത്രത്തിൽ അവളുടെ യൗസേപ്പിതാവിനോടുള്ള സ്നേഹത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഈശോയുടെ മനുഷ്യവതാരത്തെപ്പറ്റി ധ്യാനിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാർഗരറ്റ്, ഈശോയുടെ മാതാപിതാക്കളോട് സംസാരിക്കുന്നത് ഒരു ശീലമാക്കിയിരുന്നു. കുട്ടിക്കാലം മുതൽ മരണദിവസം വരെ യൗസേപ്പിതാവിനോട് തീവ്രസ്നേഹം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മാർഗരറ്റ്. യൗസേപ്പിതാവിന്റെ ശാന്തതയും സ്വയംപരിത്യാഗവും ധീരമായ വിശ്വാസവും ആഴമായ എളിമയുമാണ് ദൈവപുത്രനെയും ദൈവമാതാവിനെയും പരിചരിക്കുന്നതിന് പ്രാപ്തനാക്കിയതെന്നും വി. മാർഗ്ഗരറ്റ് ഉറച്ചു വിശ്വസിച്ചിരുന്നു.

സാധാരണ രീതിയിൽ മാർഗരറ്റ് അധികം സംസാരിക്കുന്ന പ്രകൃതിക്കാരിയായിരുന്നില്ല. എന്നാൽ യൗസേപ്പിതാവിനെപ്പറ്റി സംസാരിക്കുന്ന അവസരങ്ങളിൽ അല്ലങ്കിൽ ആ നല്ല പിതാവിന്റെ സാന്നിധ്യം അവൾ അനുഭവിച്ചിരുന്ന സമയങ്ങളിൽ മാർഗരറ്റ് കൂടുതൽ വാചാലയായിരുന്നു.

വി. മാർഗരറ്റിനെപ്പോലെ യൗസേപ്പിതാവിനോടുള്ള സ്നേഹബന്ധത്തിൽ നമുക്കും വളരാം.

ഫാ. ജയ്സൺ കുന്നേൽ MCBS

1 COMMENT

  1. എനിക്ക് കിട്ടിയ വലിയ ഒരു അനുഭവം ഞാൻ പറയട്ടെ..നമ്മുടെ മാർപ്പാപ്പാക്ക് കിട്ടിയതുപോലെ… ഞാനും മോളും ഒന്നര വയസുള്ള മോനും കൂടി ബാംഗ്ലൂർ നിന്നും കോഴിക്കോടിനു കാറിൽ വരുക ആയിരുന്നു. മോളാണ് ഡ്രൈവർ. മോനും ഞാനും ബാക്കിലാണ് ഇരിക്കുന്നത്. മുൻ സീറ്റിൽ ഒരു വലിയ ഒരു ബാഗ് വച്ചിരുന്നു.. ഞങ്ങൾ വയനാട് എത്തി ചുരം ഇറങ്ങാറായപ്പോൾ ബാഗ് ആടാൻ തുടങ്ങി. ഡ്രൈവ് ചെയ്യുന്ന മോളും ബാക്കിൽ ഇരുന്ന ഞാനും ബാഗ് നേരെ ആക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. ഞങ്ങൾ എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന 9പ്രാവശ്യം ചൊല്ലി. വീണ്ടും മാതാവിന്റെ സ്ഥാനത്ത് യൗ സെപ്പിതാവിനെ സമർപ്പിച്ച് 9 പ്രാവശ്യം ചൊല്ലി. അത്ഭുതം എന്ന് പറയട്ടെ ബാഗ് ആരോ പിടിച്ചു നിർത്തിയത് പോലെ വീട്ടിൽ എത്തുന്നത് വരെ അനങ്ങിയില്ല.ഈശോ മറിയം യൗസേപ്പേ… കരുണ ആയിരിക്കേണമേ…. നന്ദി…. നന്ദി… നന്ദി….

Leave a Reply to Aniamma JohnCancel reply