ജോസഫ് ചിന്തകൾ 140: ജോസഫ് – കോലാഹലം നിറഞ്ഞ ലോകത്തിനുള്ള മറുമരുന്ന്

നമ്മുടെ പ്രാർത്ഥനാജീവിതത്തിലെ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം ദൈവത്തോടു സംസാരിക്കുക എന്നതാണ്. നമ്മളെത്തന്നെ നിശബ്ദരാക്കി, ശാന്തമാക്കി ശ്രദ്ധിക്കുക എന്നത് പ്രാർത്ഥനയുടെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും. വി. സിപ്രിയാൻ പറയുന്നു: “പ്രാർത്ഥിക്കുമ്പോൾ നമ്മൾ ദൈവത്തോടു പ്രാർത്ഥിക്കുന്നു, ശ്രവിക്കാനായി നമ്മളെത്തന്നെ നിശബ്ദരാക്കുമ്പോൾ ദൈവം നമ്മോടു സംസാരിക്കുന്നു.”

ഡാനീഷ് തത്വചിന്തകനായ സോറൻ കീർക്കേഗാർഡ് ഒരിക്കൽ എഴുതി: “ലേകത്തിന്റെ ഇന്നത്തെ അവസ്ഥയും സകല ജീവിതവും രോഗാതുരമാണ്. കാരണം അത്‌ കോലാഹലത്തിലാണ്. ഞാൻ ഒരു ഡോക്ടറും എന്നോട് ആരെങ്കിലും ഉപദേശം ചോദിക്കുകയും ചെയ്തിരുന്നെങ്കിൽ എന്റെ മറുപടി ഇപ്രകാരമായേനെ: നിശബ്ദത സൃഷ്ടിക്കുക! നിശബ്ദതയിലേക്ക് ജനങ്ങളെ കൊണ്ടുവരിക ! ദൈവവചനം ഇന്നത്തെ കോലാഹലം നിറഞ്ഞ ലോകത്തിൽ കേൾക്കാൻ കഴിയുകയില്ല!”

നിശബ്ദതയില്ലാതെ ദൈവവുമായി യഥാർത്ഥ ബന്ധത്തിൽ വരാനോ ദൈവത്തെ കാണാനോ നമുക്കു സാധിക്കുകയില്ല. യൗസേപ്പിതാവിനെ സംബന്ധിച്ചിടത്തോളം നിശബ്ദത ദൈവത്തെ കണ്ടുമുട്ടാനും ദൈവികബന്ധത്തിൽ വളരാനുമുള്ള മാർഗ്ഗമായിരുന്നു.

ലോകത്തിലെ കോലാഹലങ്ങൾ ദൈവവുമായുള്ള ബന്ധം സ്ഥാപിക്കുന്നതിന് തടസ്സം നിൽക്കുന്നു. ലോകത്തിലെ ഈ കോലാഹലങ്ങൾ നമ്മുടെ ഹൃദയങ്ങളിലും മനസുകളിലും ബഹളം തീർക്കുമ്പോൾ ദൈവസാന്നിധ്യാവബോധം നഷ്ടപ്പെടുന്നു. ദൈവവുമായുള്ള ബന്ധത്തിൽ പ്രവേശിക്കാനും അവന്റെ സ്വരം ശ്രവിക്കാനും നമ്മെക്കുറിച്ചുള്ള അവന്റെ ഹിതം വിവേചിച്ചറിയും ഒഴിച്ചുകൂടാനാവത്ത നിബദ്ധനകളിൽ ഒന്നാണ് നിശബ്ദത. നിശബ്ദതയിൽ ദൈവത്തെ കണ്ടുമുട്ടുന്നതിന്റെ തോതനുസരിച്ചാണ് ആത്മീയജീവിതം അഭിവൃദ്ധിപ്പെടുന്നതെന്ന് യൗസേപ്പിതാവിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. നിശബ്ദനായ യൗസേപ്പിതാവാണ് ബഹളം നിറഞ്ഞ ലോകത്തിൽ നമ്മുടെ മാതൃക.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.