ജോസഫ് ചിന്തകൾ 139: വി. യൗസേപ്പിതാവ് – ദൈവവിളിയുടെ സംരക്ഷകൻ

ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി ലോക ദൈവവിളി ദിനമായിരുന്നു. ദൈവവിളിക്കു വേണ്ടി ലോകമെമ്പാടുമുള്ള കത്തോലിക്കർ പ്രാർത്ഥിക്കാൻ കടപ്പെട്ട ദിനം. ഇത്തവണത്തെ ലോക ദൈവവിളി ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത് വി. യൗസേപ്പിതാവിനെയാണ്. വി. യൗസേപ്പിതാവ് – ദൈവവിളിയുടെ സ്വപ്നക്കാരൻ (St. Joseph – The Dream of Vocation) എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

വി. യൗസേപ്പിതാവിന്റെ ജീവിതത്തിൽ നിന്നും തങ്ങളുടെ ജീവിത ഉത്തരവാദിത്ത്വങ്ങൾ വിശ്വസ്തതയോടെ ജീവിക്കുവാൻ പരിശ്രമിക്കുന്ന ആർക്കും സഹായാകമാകുന്ന മുന്നു വാക്കുകൾ ഈ വർഷത്തെ സന്ദേശത്തിൽ പാപ്പാ വ്യാഖ്യാനിക്കുന്നു – സ്വപ്നം (Dream), ശുശ്രൂഷ (Service), വിശ്വസ്തത (Faithfulness) എന്നിവയാണ് പ്രസ്തുത വാക്കുകൾ. ദൈവവിളി സ്വീകരിച്ച് ഈശോയെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ ജീവിതത്തില്‍ അനുവർത്തിക്കേണ്ട മൂന്നു വാക്കുകളാണവ ദൈവത്തിനു തന്നെക്കുറിച്ചുള്ള പദ്ധതി (സ്വപ്നം) കണ്ടെത്തുക, കണ്ടെത്തിയാൽ അത് ശുശ്രൂഷാമേഖലയാക്കുക, അതിൽ വിശ്വസ്തതയോടെ നിലനിൽക്കുക.
ഈ മൂന്നു പടവുകളിലൂടെ മുന്നോട്ടുനീങ്ങിയാൽ ജീവിതം മനോഹരമായിത്തീരും. യൗസേപ്പിതാവിന്റെ ജീവിതം അതിന് ഉത്തമോദാഹരണമായിരുന്നു.

ഇന്നേ ദിനത്തിലെ ഫ്രാൻസിസ് പാപ്പായുടെ ട്വീറ്റും, യൗസേപ്പിതാവിനെ ദൈവികപദ്ധതികൾ അംഗീകരിക്കുന്നതിൽ വിശിഷ്ടമായ മാതൃകയായി അവതരിപ്പിക്കുന്നു: “ദൈവികപദ്ധതികൾ അംഗീകരിക്കുന്നതിൽ യൗസേപ്പിതാവ് വിശിഷ്ടമായ മാതൃകയാണ്. ദൈവത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, വിവേചനാധികാരത്തോടെ പ്രവർത്തിക്കാൻ അവൻ എല്ലാവരെയും സഹായിക്കട്ടെ. എപ്പോഴും ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശപ്പെടുത്തുകയും ചെയ്യാത്ത ദൈവത്തോട് ‘അതേ’ എന്നു പറയാൻ അവൻ അവർക്കു ധൈര്യം നൽകട്ടെ.”

ദൈവവിളിയുടെ സംരക്ഷകനായ വി. യൗസേപ്പിതാവിനോട് നല്ല ദൈവവിളികൾക്കായി നമുക്കു പ്രാർത്ഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.