ജോസഫ് ചിന്തകൾ 138: ജോസഫ് – സ്വത്വബോധം നിറഞ്ഞ വ്യക്തി

ദൈവികപദ്ധതികളോടൊപ്പം സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ യൗസേപ്പിതാവ് സ്വതബോധത്തിന്റെ പര്യായമായിരുന്നു. ദൈവം തന്നെ ഭരമേല്പിച്ചിരിക്കുന്ന ദൗത്യം എന്താണന്നും താൻ ആരാണന്നും സംശയമില്ലാതെ യൗസേപ്പ് തിരിച്ചറിഞ്ഞിരുന്നു. ഭർത്താവും പിതാവും എന്ന നിലയിലുള്ള തന്റെ കടമ ഗൗരവ്വപൂർവ്വം മനസ്സിലാക്കിയ യൗസേപ്പിതാവ്, ഈശോയെ സാധാരണ യഹൂദപാരമ്പര്യത്തിൽ വളർന്നുവെന്ന് ഉറപ്പാക്കുക മാത്രമല്ല ചെയ്തത്. ഈശോയോടും മറിയത്തോടുമൊപ്പം എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും സന്നിഹിതനുമായിരുന്നു.

ജോസഫ് ഒരിക്കലും തന്റെ സമൂഹികപശ്ചാത്തലത്തെ സ്വയം നിഷേധിച്ചില്ല. ഒരു തച്ചനെന്ന നിലയിൽ സ്വയം അഭിമാനം കൊണ്ടിരുന്നു. ലാളിത്യവും എളിമയും കൈമുതലാക്കിയ ഒരു വ്യക്തി, കുടുംബത്തിനു വേണ്ടി സമർപ്പണം നടത്തുകയും ദൈവത്തോടു തുറവിയുള്ള അനുസരണം പ്രകടിപ്പിക്കുകയും ചെയ്ത ഒരു നല്ല പിതാവ് എന്നീ നിലകളിലെല്ലാം അവൻ ആത്മസംതൃപ്തനായിരുന്നു. ഒരു ആശാരി എന്ന നിലയിൽ തനിക്കുണ്ടായിരുന്ന താലന്തുകളും കഴിവുകളും കുടുംബത്തിന്റെ ഉന്നമനത്തിനു വേണ്ടി വിനിയോഗിക്കാൻ അവൻ മടി കാണിച്ചില്ല.

മകൻ ദൈവപുത്രനാണെന്ന് അറിയാമായിരിന്നിട്ടും യൗസേപ്പിന്റെ സാധാരണജീവിതത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. താൻ ആരാണെന്നും ആരല്ലെന്നും അവനു നല്ല സ്വത്വബോധമുണ്ടായിരുന്നു. അത് ആരെയും ബോധ്യപ്പെടുത്താൻ അവൻ തുനിഞ്ഞില്ല. നിശബ്ദനായ നീതിമാൻ അതെല്ലാം ഉള്ളിലൊതിക്കിയിരുന്നു.

വിശുദ്ധിയിലുള്ള പാത മറ്റുള്ളവരുടെ കാൽച്ചുവടുകളെ അന്ധമായി പിന്തുടരുകയല്ല മറിച്ച് സ്വയം തിരിച്ചറിഞ്ഞു വിശ്വസ്തയോടെ ദൈവഹിതത്തിനു നമുക്കു സാധിക്കുന്ന രീതിയിൽ ആമ്മേൻ എന്നു പറയുകയാണ് എന്നു യൗസേപ്പിന്റെ ജീവിതം പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.