ജോസഫ് ചിന്തകൾ 130: പരിശുദ്ധ ത്രീത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിന്റെ ചിത്രം

പരിശുദ്ധ ത്രീത്വത്തോടൊപ്പമുള്ള യൗസേപ്പിതാവിന്റെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം.

പതിനെട്ടാം നൂറ്റാണ്ടിൽ ഏകദേശം 1727-ാം ആണ്ടിൽ ഇറ്റാലിയൻ ചിത്രകാരനായ ജൊവാന്നി അന്തോനിയോ പെല്ലെഗ്രീനി വരച്ച ഓയിൽ പെയിൻ്റിങ്ങാണ് The Holy Trinity with Saints Joseph and Francesco di Paola. ഈ ചിത്രത്തിൽ പരിശുദ്ധ ത്രീത്വത്തെ പരമ്പരാഗത പാശ്ചാത്യ ചിന്താധാര പോലെ ചിത്രീകരിച്ചിരിക്കുന്നു. പുത്രൻ കുരിശുമായി പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. പരിശുദ്ധാത്മാവിന് ഒരു പ്രാവിന്റെ രൂപത്തിൽ പിതാവിന്റെയും പുത്രന്റെയും ഇടയിൽ സ്ഥാനം നൽകിയിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിനോ ഉണ്ണീശോയ്ക്കോ ഈ ചിത്രത്തിൽ സ്ഥാനമില്ല. ഫ്രാഞ്ചെസ്കോ ദി പൗള എന്ന വിശുദ്ധൻ മുട്ടുകുത്തി നിന്ന് പരിശുദ്ധ ത്രീത്വത്തെ ആരാധിക്കുമ്പോൾ യൗസേപ്പിതാവിനെ സ്വർഗ്ഗീയപിതാവിന്റെ സാദൃശ്യത്തിൽ ഭൂമിയിലെ വളർത്തുപിതാവായി ചിത്രീകരിച്ചിരിക്കുന്നു.

സ്വർഗ്ഗീയപിതാവിന്റെ ഭൂമിയിലെ പ്രതിനിധിയായി യൗസേപ്പിനെ ഈ ചിത്രത്തിൽ ചിത്രീകരിക്കുമ്പോൾ ഉണ്ണീശോയുടെ ഭൂമിയിലെ കാവൽക്കാരൻ എന്നതിനപ്പുറം സ്വർഗ്ഗത്തിലെ ശക്തനും വിശ്വസ്തനുമായ ഒരു മദ്ധ്യസ്ഥനായി അന്തോനിയോ വരച്ചിക്കുന്നു.

പരിശുദ്ധ ത്രീത്വത്തോടുള്ള യൗസേപ്പിതാവിന്റെ ബന്ധത്തെയും ഇത് വരച്ചുകാട്ടുന്നു. യൗസേപ്പ് ദൈവപിതാവിന്റെ പ്രതിനിധിയും ദൈവപുത്രന്റെ വളർത്തുപിതാവും പരിശുദ്ധാത്മാവിന്റെ സ്നേഹിതനുമാണ്. ഈ ശക്തനായ മദ്ധ്യസ്ഥനെ നമുക്കും മറക്കാതിരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.