ജോസഫ് ചിന്തകൾ 127: ജോസഫ് – പരീക്ഷകളെ അതിജീവിച്ചവൻ

പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിന്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴ പോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയബോധത്തോടും ആത്മനിയന്ത്രണത്തോടും കൂടെ അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിന്റെയും കാവൽക്കാരനായത്.

ദൈവപുത്രന്റെ വളർത്തുപിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിതപരീക്ഷയിലേക്കുമുള്ള ക്ഷണമായിരുന്നു. ദൈവഹിതത്തിന്റെ മുമ്പിൽ താഴ്മയോടെ നിലകൊണ്ടാണ് യൗസേപ്പിതാവ് ലോകചരിത്രത്തില ഏറ്റവും ഉത്തമനായ Crisis Manager (പ്രതിസന്ധികളെ മറികടക്കുന്നവൻ) ആയിത്തീർന്നത്. തിരുസഭയ്ക്ക് സംശയമന്യേ ഏതവസരത്തിലും പ്രത്യേകിച്ച്, പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ആശ്രയിക്കാൻ കഴിയുന്ന മദ്ധ്യസ്ഥൻ യൗസേപ്പിതാവ് തന്നെയാണ്.

ജീവിതപരീക്ഷണങ്ങളെയും മത്സരപരീക്ഷകളെയും വിജയകരമായി നേരിടാൻ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം കരുത്തു പകരും എന്ന ഉത്തമബോധ്യമുള്ളതിനാലാണ് ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് യൗസേപ്പിതാവിന്റെ പ്രത്യേകം മാദ്ധ്യസ്ഥ്യം സഭാതനയർ തേടുന്നത്.

മത്സരപ്പരീക്ഷകൾ നടക്കുമ്പോൾ അവയുടെ തീയതികൾ എഴുത്തിലെഴുതി യൗസേപ്പിതാവിന്റെ തിരുസ്വരൂപത്തിൽ സമർപ്പിച്ചിരുന്ന ഒരു സ്കൂൾ കൂട്ടുകാരനെ ഈ നിമിഷം ഓർമ്മിക്കുന്നു. പരീക്ഷകളെ അതിജീവിച്ച യൗസേപ്പിതാവ് ജീവിതപ്രതിസന്ധികളുടെ മറുകര താണ്ടാൻ നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.