ജോസഫ് ചിന്തകൾ 125: ജോസഫ് – ദൈവകാരുണ്യത്തിന്റെ ഒളിമങ്ങാത്ത ശോഭ പ്രസരിപ്പിച്ചവൻ

ഉയിർപ്പ് തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച സാർവ്വത്രികസഭ എല്ലാ വർഷവും ദൈവകരുണ്യത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. ഈ തിരുനാൾ തിരുസഭയ്ക്കു സമ്മാനിച്ച ജോൺപോൾ രണ്ടാമൻ പാപ്പായുടെ രണ്ടാമത്തെ ചാക്രികലേഖനമായ ‘കരുണാസമ്പന്നനായ ദൈവത്തിൽ’ ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം, കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അത് സ്നേഹത്തിന്റെ രണ്ടാമത്തെ പേരും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്” (No. 7). ദൈവപിതാവിന്റെ കാരുണ്യത്തിന്റെ ഒളിമങ്ങാത്ത ശോഭ അവന്റെ പ്രതിനിധിയായ യൗസേപ്പിലും സമൃദ്ധമായി പ്രകടമായിരുന്നു. ഈശോയും പരിശുദ്ധ മറിയവും അവ വേണ്ടുവോളം ആസ്വദിച്ചു.

ഈശോയുടെ മനുഷ്യവതാരം ദൈവപിതാവിന് മനുഷ്യക്കളോടുള്ള കാരുണ്യത്തിന്റെ വിളംബംരം കുറിക്കലായിരുന്നു. യഥാർത്ഥത്തിൽ ഈശോയുടെ മനുഷ്യാവതാരം ദൈവകാരുണ്യത്തിന്റെ മാംസം ധരിക്കലായിരുന്നു. ഈ മഹനീയ കാരുണ്യപ്രവർത്തിയുടെ നിശബ്ദനായ ശുശ്രൂഷകനായിരുന്നു യൗസേപ്പിതാവ്.

ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയായ വി. ഫൗസ്റ്റീന തന്റെ ഡയറിയിൽ വി. യൗസേപ്പിതാവിനെപ്പറ്റി ഇപ്രകാരം കുറിച്ചിരിക്കുന്നു: “വി. യൗസേപ്പിതാവ് തന്നോടു നിരന്തരം ഭക്തി പുലർത്താൻ എന്നെ പ്രേരിപ്പിച്ചു. മൂന്നു പ്രാർത്ഥനകളും (സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയം, ത്രീത്വ സ്തുതി) വി. യൗസേപ്പിതാവിനോടുള്ള ജപവും (Memorare) അനുദിനം ജപിക്കണമെന്ന് അവൻ എന്നോട് ആവശ്യപ്പെട്ടു. വളരെയധികം അനുകമ്പയോടെ അവൻ എന്നെ നോക്കുകയും കാരുണ്യത്തിന്റെ പ്രവർത്തിയെ അവൻ എത്രമാത്രം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന് എന്നെ അറിയിക്കുകയും ചെയ്തു. യൗസേപ്പിതാവ് തന്റെ പ്രത്യേക സഹായവും സുരക്ഷിതത്വവും എനിക്ക് വാഗ്ദാനം ചെയ്തു. അവൻ എന്നോട് ആവശ്യപ്പെട്ട പ്രാർത്ഥനകൾ എല്ലാ ദിവസവും ഞാൻ ചൊല്ലി പ്രാർത്ഥിക്കുകയും അവന്റെ പ്രത്യേക സംരക്ഷണം അനുഭവിക്കുകയും ചെയ്യുന്നു.”

ദൈവകാരുണ്യത്തിന്റെ ഒളിമങ്ങാത്ത പ്രഭ ലോകത്തിനു സമ്മാനിച്ച ദൈവപിതാവിന്റെ ഭൂമിയിലെ പ്രതിനിധി ദൈവകാരുണ്യത്തിന്റെ ഇന്നിന്റെ പ്രവാചകരാകാൻ നമ്മെ സഹായിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.