ജോസഫ് ചിന്തകൾ 124: ജോസഫ് – കാണാതെ വിശ്വസിച്ച ഭാഗ്യവാൻ

ഇന്ന് പുതു ഞായറാഴ്ച, “എന്റെ കർത്താവേ എന്റെ ദൈവമേ” എന്ന, വി. തോമാ ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം ഓർമ്മിക്കുന്ന വിശുദ്ധ ദിനം. ഈ വിശ്വാസപ്രഖ്യാപനത്തിനു മുമ്പേ യോഹന്നാന്റെ സുവിശേഷം പതിനാലം അദ്ധ്യായത്തിൽ തോമസ്‌ ഈശോയോട്, “നീ എവിടേക്കു പോകുന്നുവെന്ന് ഞങ്ങള്ക്ക് അറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള് എങ്ങനെ അറിയും?” (യോഹ 14:5) എന്നു ചോദിക്കുന്നുണ്ട്. അതിനു മറുപടിയായി ഈശോ, “വഴിയും സത്യവും ജീവനും ഞാനാണ്‌” (യോഹ: 14:6) എന്നു ഉത്തരം നൽകുന്നുണ്ട്.

തോമാ ശ്ലീഹാ ഈ ബോധ്യത്തിലേക്കു കടന്നുവന്നത് ഉത്ഥിതനായ ഈശോയുടെ മുറിപ്പാടുകൾ കണ്ടിട്ടാണ്. (യോഹ 20, 19-31). കാണാതെ വിശ്വസിക്കുന്നവരെ ഭാഗ്യവാന്മാരായി ഈശോ തന്നെ വിശേഷിപ്പിക്കുന്നുണ്ട്: “കാണാതെ തന്നെ വിശ്വസിക്കുന്നവര് ഭാഗ്യവാന്മാര്” (യോഹ. 20:29). “മറിയത്തെ ഭാര്യയായി സ്വീകരിക്കാന് ശങ്കിക്കേണ്ടാ. അവള് ഗര്ഭം ധരിച്ചിരിക്കുന്നത്‌ പരിശുദ്ധാത്മാവില് നിന്നാണ്‌”(മത്തായി 1:20) എന്ന കർത്താവിന്റെ ദൂതന്റെ സ്വപ്നത്തിലുള്ള ആഹ്വാനം അംഗീകരിക്കുക വഴി മറിയത്തിന്റെ ഉദരത്തിൽ ഉരുവായ “ദൈവികജീവനു വേണ്ടി” യൗസേപ്പിതാവ് സമ്പൂര്‍ണ്ണ സമർപ്പണം ആരംഭിക്കുകയായിരുന്നു. അതുവഴി ഈശോയെ വഴിയും സത്യവും ജീവനുമായി ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളായി മറിയത്തോടൊപ്പം വി. യൗസേപ്പിതാവ് മാറുന്നു. കാണാതെ വിശ്വസിച്ചതു വഴി ഭാഗ്യവാൻ ശ്രേണിയിലേക്കും ആ പിതാവ് ഉയരുന്നു.

സുവിശേഷത്തിൽ “നിശബ്ദനായ” പിതാവ് ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിന്റെ ആരംഭം മുതൽ രക്ഷകാരസത്യം കാണാതെ വിശ്വസിക്കാൻ ആരംഭിച്ചു. സഞ്ചരിക്കേണ്ട വഴികളെപ്പറ്റി അവ്യക്തത നിറഞ്ഞപ്പോഴും “വഴിയും സത്യവും ജീവനും” ആയവൻ കൂടെയുണ്ടെന്ന ബോധ്യം നസറത്തിലെ ആ നല്ല അപ്പനെ നയിച്ചിരുന്നു. പന്ത്രണ്ടാം വയസ്സിൽ കാണാതായ ഈശോയെ ജറുസലേം ദൈവാലയത്തിൽ വീണ്ടും കണ്ടെത്തുമ്പോൾ ഈശോ “തങ്ങളോടു പറഞ്ഞതെന്തെന്ന്‌ അവര്ക്കു ഗ്രഹിക്കാൻ” (ലൂക്കാ 2:50) സാധിക്കുന്നില്ലങ്കിലും അവനിൽ യൗസേപ്പും മറിയവും ദൃഢമായി വിശ്വസിക്കുന്നു.

നസറത്തിലെ കുടുംബജീവിതവും യൗസേപ്പിനെ സംബന്ധിച്ചിടത്തോളം “സത്യ” ദൈവപുത്രനുള്ള ശുശ്രൂഷാവേദിയായിരുന്നു. വഴിയും സത്യവും ജീവനുമായ ഈശോയെ എല്ലാ അർത്ഥത്തിലും അടുത്തനുഗമിച്ചും കണ്ടും കാണാതെയും വിശ്വസിച്ചും ഭാഗ്യവാനായ യൗസേപ്പിതാവ് പുതുഞായറാഴ്ച നമ്മുടെ വിശ്വാസവഴികളിൽ പുതുവെളിച്ചം പകരട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.