
1870 ഡിസംബർ മാസം എട്ടാം തീയതി ഒൻപതാം പീയൂസ് മാർപാപ്പ ക്വുവേമാദ്മോഡും ദേവൂസ് (Quemadmodum Deus) എന്ന തിരുവെഴുത്തു വഴി യൗസേപ്പിനെ സാർവ്വത്രികസഭയുടെ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു. പഴയനിയമത്തിലെ പൂർവ്വയൗസേപ്പിനു സമാനമായ രീതിയിൽ പുതിയനിയമത്തിലെ യൗസേപ്പിനെ ദൈവം തന്റെ വിശിഷ്ടദാനങ്ങളെ ഭരമേല്പിച്ചു എന്ന് പീയൂസ് ഒൻപതാം മാർപാപ്പ പഠിപ്പിക്കുന്നു. “സർവ്വശക്തനായ ദൈവം പൂർവ്വപിതാവായ യാക്കോബിന്റെ മകൻ ജോസഫിനെ ഈജിപ്തിൽ നിന്ന് തന്റെ ജനത്തിനു വേണ്ടി ധാന്യം സംഭരിക്കുവാൻ നിയോഗിച്ചതുപോലെ, സമയത്തിന്റെ പൂർത്തിയിൽ തന്റെ ഏകജാതനെ, ലോകരക്ഷകനെ, ഭൂമിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു. ദൈവം അവനെ തന്റെ ഭവനത്തിന്റെയും നിക്ഷേപങ്ങളുടെയും കർത്താവും നേതാവുമായി നിയമിക്കുകയും അവന്റെ ഏറ്റവും വിശിഷ്ടമായ നിധികളുടെ സംരക്ഷകനാക്കുകയും ചെയ്തു.”
ലെയോ പതിമൂന്നാമൻ പാപ്പ 1889 -ൽ വി. യൗസേപ്പിതാവിനെക്കുറിച്ചുള്ള ഭക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന ക്വാംക്വാം പ്ലൂറിസ് (Quamquam Pluris) എന്ന ചാക്രികലേഖനത്തിലൂടെ യൗസേപ്പിനെ സഭയുടെ മദ്ധ്യസ്ഥനാക്കിയതിനുള്ള കാരണം പറയുന്നു: “ജോസഫ് ദൈവിക കുടുംബത്തിന്റെ സംരക്ഷകനും ശിരസ്സും രക്ഷാധികാരിയുമായിരുന്നു. അതിനാൽ നസറത്തിലെ കുടുംബത്തെ സംരക്ഷിച്ചതുപോലെ ക്രിസ്തുവിന്റെ സഭയെ അവന്റെ ദൈവികസഹായത്താൽ സംരക്ഷിക്കാനും പ്രതിരോധിക്കാനും യൗസേപ്പിതാവ് ഏറ്റവും അനുയോജ്യനും ശ്രേഷ്ഠനുമാണ്.”
യൗസേപ്പിതാവ് തന്റെ മൂന്നു പ്രത്യേക ഗുണങ്ങളാലും തിരുസഭയുടെ മദ്ധ്യസ്ഥനാകുന്നു – അനുസരണം, വിശ്വസ്തത, എളിമ ഇവ മൂന്നുമാണ് ആ ഗുണങ്ങൾ. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടതുമാണ്. ദൈവപിതാവിനോട് അനുസരണയും ദൈവം ഭരമേല്പിച്ച വ്യക്തികളോട് വിശ്വസ്തതയും ഉത്തരവാദിത്വ നിർവ്വഹണത്തിൽ എളിമയും ശീലമാക്കിയ യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥം നമുക്കു തേടാം.
ഫാ. ജയ്സൺ കുന്നേൽ MCBS