ജോസഫ് ചിന്തകൾ 11: ജോസഫ് – ത്യാഗത്തിന്റെ ഐക്കൺ

വെറുതേ ജീവിച്ച് മൺമറഞ്ഞുപോയ ഒരു അപ്പനായിരുന്നില്ല ജോസഫ്. അനശ്വരമായ നിരവധി ഓർമ്മപ്പെടുത്തലുകൾ നൽകിയിട്ടാണ് ആ നല്ല അപ്പൻ കടന്നുപോയത്. ആ “അപ്പൻ പുസ്തക”ത്തിലെ ത്യാഗത്തിന്റെ പാഠമാണ് ഇന്നത്തെ ചിന്താവിഷയം. ജോസഫ് ത്യാഗത്തിന്റെ ഐക്കൺ ആയിരുന്നു. പ്രാർത്ഥിക്കുകയും വിശ്വസിക്കുകയും ചെയ്ത ഒരു നല്ല അപ്പൻ എന്ന നിലയിൽ തിരുക്കുടുംബത്തിനായി ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ അദ്ദേഹം തെല്ലും വൈമനസ്യം കാട്ടിയില്ല.

ജോസഫിന്റെ ജീവിതം എന്നും മാധുര്യമുള്ള കാവ്യാമായിരുന്നില്ല. കല്ലുകളും മുള്ളുകളും മണലാരണ്യങ്ങളും നിറഞ്ഞ പാതകൾ ആ ജീവിതം തരണം ചെയ്തു. ജീവിതത്തിന്റെ മാധുര്യമുള്ള ആഭിലാഷങ്ങൾ തകർന്നടിയുമ്പോൾ എല്ലായിടത്തും വൈരുദ്ധ്യങ്ങളുടെ കലഹങ്ങൾ പെരുമുറ മുഴക്കുമ്പോഴും വിശ്വസ്തതയുടെ ബലമുള്ള കോട്ടയായി വർത്തിച്ച ദൈവവിശ്വാസമായിരുന്നു ത്യാഗങ്ങൾ ഏറ്റെടുക്കാൻ ജോസഫിന് കരുത്തായത്.

ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള കടമകൾ നിറവേറ്റുന്നതിൽ പല പുരുഷന്മാരും വീഴ്ച വരുത്തുമ്പോൾ വി. യൗസേപ്പ് നമുക്കു തരുന്ന ത്യാഗസമ്പന്നമായ മാതൃക ഏവർക്കും അനുകരണീയമാണ്. കുടുംബങ്ങൾക്കായി അവരുടെ ഇന്നുകളെ ബലികൊടുക്കുന്ന അപ്പന്മാരെല്ലാം ജോസഫിന്റെ അപരന്മാരാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികൾ അതിജീവിക്കാൻ ദുസ്സഹമായ കാലാവസ്ഥകളിൽ ദൈവഹിതാനുസൃതം യാത്ര ചെയ്യാൻ ത്യാഗസന്നദ്ധത ആവശ്യമാണ്. ചിലപ്പോൾ കൊടിയ തണുപ്പും കാറ്റും അവഗണിച്ച് മൈലുകൾ അലയേണ്ടിവരും. പലായനം ഒരു കൂടെപ്പിറപ്പായി കുടെക്കാണും. കാലിത്തൊഴുത്തേ ചിലപ്പോൾ അഭയം തരൂ. ബുദ്ധിമുട്ടുകളെ ധൈര്യപൂർവ്വം അഭിമുഖീകരിച്ച യൗസേപ്പ് പിതാവ് ആധുനികകാലത്തിലെ പുരുഷന്മാർക്കുള്ള ഉദാത്തമാതൃകയാണ്. ആ നല്ല അപ്പനെ നമുക്ക് അനുകരിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.