ആധുനിക ലോകത്തിലെ അപ്പന്മാർക്ക് വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃക

മക്കൾക്ക് ഒരു നല്ല അപ്പനാവുക എന്നത് പരിശീലനം കൊണ്ടോ പഠനം കൊണ്ടോ ആർജ്ജിക്കാവുന്ന മികവല്ല. യഥാര്‍ത്ഥത്തിൽ ഒരു അഗ്നിപരീക്ഷയിലൂടെയുള്ള കടന്നുപോക്കാണ് പിതൃത്വം എന്നത്. ഒരു യുവാവിനെ അല്ലെങ്കിൽ ഒരു പുരുഷനെ ആകെ മൊത്തം മാറ്റിയെടുക്കുന്ന പദവി. ചിലരെങ്കിലും വിചാരിക്കും ധാരാളം പണം സമ്പാദിക്കുന്നതും മക്കൾക്ക് ആവശ്യമായതെല്ലാം വാങ്ങിനൽകുന്നതും അവരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കുന്നതുമാണ് ഒരു അപ്പന്റെ കടമ എന്ന്. എന്നാൽ ഒരു യഥാര്‍ത്ഥ പിതാവ് എങ്ങനെയായിരിക്കണം എന്നതിന് വി. യൗസേപ്പിന്റെ ജീവിതം ഉത്തരം നല്‍കുന്നുണ്ട്.

വിശുദ്ധ ഗ്രന്ഥത്തിൽ നിന്ന് മനസിലാവുന്നതനുസരിച്ച് വളരെ നിശബ്ദനായ പിതാവായിരുന്നു വി. യൗസേപ്പ്. മറിയവും ഈശോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് വിശുദ്ധ ഗ്രന്ഥത്തിൽ കൂടുതൽ കാണുന്നത്. എങ്കിലും അതിശക്തമായ ഒരു വളർത്തൽ രീതിയാണ് വി. യൗസേപ്പിൽ നമുക്ക് കാണാനാവുക. തുണയായി വർത്തിക്കുന്ന രീതിയാണത്. പ്രിയപ്പെട്ടവരുടെ ഏത് അവസ്ഥയിലും അവർക്ക് ആശ്രയവും കാവലുമാവുന്ന പ്രവര്‍ത്തി, ക്ഷമയോടെ അവരെ അനുഗമിക്കുന്ന പ്രവര്‍ത്തി.

ഒരു ഇടയനെപ്പോലെ വി. യൗസേപ്പ് ഈശോയെ സംരക്ഷിച്ചുപോന്നു. പല അപകടഘട്ടങ്ങളിലും കാവലും സംരക്ഷണവും ഏകി. ഈജിപ്തിലേയ്ക്കുള്ള പലായനം തന്നെ ഉദാഹരണം. പിന്നീട് ഈശോ വളർന്നു എന്ന് തോന്നിയ സമയങ്ങളിൽ ഈശോയെ അവിടുത്തെ പാത തിരഞ്ഞെടുക്കുന്നതിന് അനുവദിച്ച് വി. യൗസേപ്പ് പിന്നിലേയ്ക്ക് മാറുന്നതായും വ്യക്തമാണ്.

മറ്റൊന്ന്, വി. യൗസേപ്പ് മറിയത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത വിധം. ഒരു നല്ല ഭർത്താവായാൽ മാത്രമേ നല്ല പിതാവാകാനും സാധിക്കുകയുള്ളൂ. അതുപോലെ തന്നെ പറയുന്നതിനേക്കാൾ കൂടുതൽ കേൾക്കുന്നവനായിരുന്നു വി. യൗസേപ്പ്. ഈശോയെ കാണാതെപോയ സമയത്ത് കണ്ടെത്തിയപ്പോൾ അവിടുത്തെ ചോദ്യം ചെയ്യാതെ ഈശോ പറയുന്നത് കേൾക്കുകയാണ് അദ്ദേഹം ചെയ്തത്. എപ്പോഴും മക്കളെ ചോദ്യം ചെയ്യേണ്ടതില്ല മറിച്ച്, അവർ പറയുന്നത് കേൾക്കാനും മാതാപിതാക്കൾ ശ്രമിക്കണമെന്ന് ഇത് പഠിപ്പിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ മക്കളുടെ മുന്നിൽ നടക്കുന്നവനോ അവരെ നിരീക്ഷിച്ച് പിന്നിൽ നടക്കുന്നവനോ അല്ല അവരെ ചേർത്തുപിടിച്ച്, സംരക്ഷിച്ച് ഒപ്പം നടക്കുന്നവരാണ് യഥാര്‍ത്ഥ അപ്പന്മാരെന്നാണ് വി. യൗസേപ്പിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്.