നസ്രത്തിലെ തച്ചൻ്റെ ദിനം

കൊട്ടാരങ്ങള്‍ക്കും കോട്ടകള്‍ക്കുമുള്ളില്‍ നിന്നുമാത്രം നന്മ പ്രതീക്ഷിച്ചിരുന്ന ഒരു ജനത്തിന്റെ ന്യായമായ ചോദ്യം: “നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ?” നഥാനിയേല്‍ കേട്ടുവളര്‍ന്നത് രാജാക്കന്മാരെയും പ്രഭുക്കന്മാരെയും ചുറ്റിപ്പറ്റി കൊട്ടാരവിദൂഷകര്‍ നാട്ടില്‍ പാടിനടന്നിട്ടുള്ള നന്മയുടെ കഥകളാണ്. ജറുസലേം പോലുള്ള നഗരങ്ങളുടെ പുകഴ്ത്തുപാട്ടില്‍ നസ്രത്ത് പോലുള്ള ഗ്രാമങ്ങളുടെ നന്മയുടെ നുറുങ്ങുവെട്ടങ്ങള്‍ തമസ്കരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് നസ്രത്തിലെ ഒരു തച്ചന്റെ മകന്‍ നന്മകള്‍ കൊണ്ട് ലോകത്തെ കീഴ്മേല്‍ മറിക്കുന്നത്.

നന്മയ്ക്കായുള്ള മനുഷ്യന്റെ നോട്ടം കൊട്ടാരത്തില്‍ നിന്ന് കുടിലിലേയ്ക്ക്‌ മാറ്റപ്പെട്ടു. നന്മയുടെ വിപ്ലവകാരിയായ യേശുവിനെ നോക്കി മനുഷ്യര്‍ ചോദിക്കുന്നു: “ഇവന്‍ (നസ്രത്തിലെ) ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?… പിന്നെ ഇവന് ഇതെല്ലാം (ഈ നന്മകളെല്ലാം) എവിടെ നിന്ന്?” (മത്തായി 13: 55-56). മുതലാളിയുടെ മാളികയില്‍ നിന്ന് തൊഴിലാളിയുടെ തൊഴില്‍ശാലയിലേയ്ക്ക് നന്മയുടെ ശ്രദ്ധ തിരിയുന്ന ലോകത്തിലെ ആദ്യത്തെ തൊഴിലാളി വിപ്ലവം! നസ്രത്തിലെ തച്ചനെയും തച്ചന്റെ മകനെയും നസ്രത്തിലെ നന്മകളെയും ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.

കൊട്ടാരങ്ങളിലെ കൊത്തളങ്ങളിലല്ല തൊഴില്‍ശാലകളിലെ വിയര്‍പ്പുതളങ്ങളിലാണ്‌ ലോകത്തെ നന്മയിലേയ്ക്ക് മാറ്റിമറിക്കാന്‍ പോന്ന വിപ്ലവമെന്ന് നസ്രത്തിലെ തച്ചനും മകനും തങ്ങളുടെ ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു. ഇതിനപ്പുറം നമുക്കെന്തുവേണം ജോസഫ് എന്ന നസ്രത്തിലെ ആ തച്ചനെ വിശുദ്ധിയില്‍ പ്രതിഷ്ഠിച്ച് തൊഴിലാളികളുടെ മദ്ധ്യസ്ഥനായി വണങ്ങി ആദരിക്കാന്‍!

ഇന്ന് ആഗോള തൊഴിലാളിദിനമായ മെയ്‌ 01. “സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍” എന്ന മെയ്‌ദിനത്തിന്റെ മുദ്രാവാക്യം ലോകമെങ്ങും മുഴങ്ങുന്ന ദിവസം. സംഘടിച്ച് അവകാശങ്ങള്‍ പിടിച്ചുപറിക്കാന്‍ മാത്രമുള്ള മുറവിളിയായി ഈ മുദ്രാവാക്യം മാറിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ലോകത്തിന്റെ നന്മയിലേയ്ക്കുള്ള മാറ്റത്തിനായി സംഘടിക്കുവിന്‍ എന്നാണ് നസ്രത്തിലെ നന്മ നമ്മെ ആഹ്വാനം ചെയ്യുന്നത്. ദൈവപുത്രനായ യേശുവിലൂടെ ലോകം കണ്ട നന്മയിലേയ്ക്കുള്ള മാറ്റം നസ്രത്തിലെ ജോസഫിന്റെ പണിശാലയിലാണ് തുടങ്ങിയത്. ആ മാറ്റത്തിന്റെ കാഹളമിതാണ്: “കര്‍ത്താവിന്റെ ആത്മാവ് എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്നെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ച്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്നെന്നെ അയച്ചിരിക്കുന്നു” (ലൂക്കാ 4: 18-19).

നസ്രത്തിലെ പണിശാലയുടെ അനുഭവ തീവ്രതയില്‍ ചിന്തയ്ക്ക് ചിന്തേരിട്ടു കടഞ്ഞെടുത്ത ഈ മാനിഫെസ്റ്റോ യേശു, തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ പ്രഖ്യാപിക്കുന്നു. ഇതു മനസിലാക്കിയ ജനങ്ങളുടെ പ്രതികരണം ഇപ്രകാരമാണ്: “എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍ നിന്നു പുറപ്പെട്ട കൃപാവചസ്സ് കേട്ട് അത്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു” (ലൂക്കാ 4:22). നസ്രത്തിലെ ജോസഫിന്റെ മകനില്‍ നന്മയിലേയ്ക്കുള്ള മാറ്റത്തിന്റെ നാമ്പുകള്‍ ജനങ്ങള്‍ കണ്ടു.

നന്മയിലേയ്ക്കുള്ള മാറ്റത്തിന്റെ (change for the better) “സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ വലിയ സദ്വാര്‍ത്ത” (ലൂക്കാ 2:10) ബെതലഹേമില്‍ പിറന്ന്, നസ്രത്തില്‍ പിച്ചവച്ചു നടന്ന്, ഉയിര്‍പ്പിന്റെ സമാധാനദൂതുമായി ലോകമെങ്ങും പടര്‍ന്നുപിടിച്ചു. ഈ വലിയ വിപ്ലവത്തിന്റെ വേരുകള്‍ തേടിപ്പോയാല്‍ നാം ചെന്നെത്തുന്നത് തീര്‍ച്ചയായും യേശുവിന്റെ മാതാവായ മറിയവുമായി വിവാഹനിശ്ചയം ചെയ്തിരുന്ന ജോസഫ് എന്ന ചെറുപ്പക്കാരന്റെ നീതിബോധത്തിലായിരിക്കും. വിവാഹനിശ്ചയം കഴിഞ്ഞവള്‍ ഗര്‍ഭിണിയായി കാണപ്പെട്ടിട്ടും “അവളുടെ ഭര്‍ത്താവ് ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യത്തില്‍ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചു” (മത്തായി 1:19). ജോസഫിനെപ്പറ്റി വി. ലിഖിതത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ഒരേയൊരു വിശേഷണം: “അവന്‍ നീതിമാനായിരുന്നു.”

വി. ലിഖിതം പറയുന്ന ഈ ‘നീതി’ ആണ് നന്മയിലേയ്ക്കുള്ള എല്ലാ മാറ്റങ്ങളുടെയും അടിസ്ഥാനപ്രകൃതവും പ്രേരകശക്തിയും. ഈ ‘നീതി’ കോടതിയുടെ നീതിയല്ല. സര്‍ക്കാരിന്റെ നീതിയല്ല. ഈ ‘നീതി’ ദൈവത്തിന്റെ നീതിയാണ്. ദൈവരാജ്യത്തിന്റെ നീതിയാണ്, സുവിശേഷത്തിന്റെ നീതിയാണ്, സ്നേഹത്തിന്റെ നിയമം ആവശ്യപ്പെടുന്ന നീതിയാണ്. കോടതിയുടെ നീതി ഒരാള്‍ അര്‍ഹിക്കുന്നത് അയാള്‍ക്കു‌ കൊടുക്കുക എന്നതാണ്. എന്നാല്‍, ദൈവത്തിന്റെ നീതി ഒരാള്‍ അര്‍ഹിക്കാത്തതുപോലും അയാള്‍ക്കു‌ കൊടുക്കുക എന്നതാണ്. നസ്രത്തിലെ ജോസഫിന്റെ നന്മ അതായിരുന്നു.

കോടതിയുടെയും നിലനില്‍ക്കുന്ന നിയമങ്ങളുടെയും നീതിയനുസരിച്ച്, ഗര്‍ഭിണിയായ മറിയത്തെ കല്ലെറിഞ്ഞു കൊല്ലാന്‍ വിട്ടുകൊടുക്കുക എന്നുള്ളതായിരുന്നു സമൂഹം ജോസഫില്‍ നിന്ന് പ്രതീക്ഷിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സത്യവിശ്വാസിയെന്നും നിയമത്തോട് കൂറുള്ളവനെന്നും പാരമ്പര്യങ്ങളുടെ പാലകന്‍ എന്നുമൊക്കെയുള്ള ആദരവുകള്‍ അവനു കിട്ടുമായിരുന്നു. എന്നാല്‍, അതെല്ലാം വേണ്ടന്നുവച്ച് മറിയം അര്‍ഹിക്കുന്ന നീതി ജോസഫ് അവള്‍ക്കു നല്‍കി. അവളെ അപമാനിതയാക്കാന്‍ വിട്ടുകൊടുത്തില്ല. ഇതാണ് യേശുവിന്റെ സുവിശേഷത്തിന്റെ നീതി, ദൈവരാജ്യത്തിന്റെ നീതി.

ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചുകൊടുക്കുക, ഒരു മൈല്‍ ദൂരം പോകാന്‍ ആവശ്യപ്പെടുന്നവനോടു കൂടി രണ്ടുമൈല്‍ പോവുക, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കുക, വൃക്ഷത്തില്‍ ഫലം കണ്ടില്ലെങ്കിലും വീണ്ടും കിളച്ചു വളമിട്ടു കൊടുക്കുക, സ്വത്തെല്ലാം നശിപ്പിച്ചു തിരിച്ചുവന്ന മകനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ അറുത്ത് സദ്യ ഒരുക്കുക. ഇങ്ങനെ നിയമപരമായോ, നാട്ടുനടപ്പനുസരിച്ചോ ചെയ്യാന്‍ യാതൊരു കടപ്പാടും നിര്‍ബന്ധവുമില്ലാത്ത കാര്യങ്ങള്‍ നന്മയിലേയ്ക്കുള്ള മാറ്റത്തിന്റെ ഒരു ചെറുചുവടുവയ്പ്പായി ചെയ്യുക. അതുവഴി സമൂഹത്തിലുണ്ടാകുന്ന വലിയ മാറ്റത്തിന്റെ  കാരണക്കാരാവുക. ഇതാണ് നസ്രത്തിലെ നന്മയില്‍ തെളിഞ്ഞുവരുന്ന ജോസഫിന്റെ ദൈവികനീതി.

എന്റെ എളിയജീവിതമാകുന്ന നസ്രത്തില്‍ നിന്ന് ഇങ്ങനെയുള്ള നന്മയുണ്ടാകുമോ? നമ്മുടെ ചെറിയ കുടുംബമാകുന്ന നസ്രത്തില്‍ നിന്ന് ഇതുപോലെയുള്ള നന്മ ഉണ്ടാകുമോ? നമ്മുടെ സമൂഹവും രാജ്യവുമാകുന്ന നസ്രത്തില്‍ നിന്ന് ദൈവീകനീതിയില്‍ അടിയുറച്ച നന്മയുണ്ടാകുമോ? ഇതാണ് വി. യൗസേപ്പിതാവ് മെയ്‌ദിനത്തില്‍ നമ്മോടു ചോദിക്കുന്ന ചോദ്യം.

റവ. ഡോ. ജോർജ്ജ് അയ്യനേത്ത് OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.