ജോസഫ്: പ്രവര്‍ത്തികള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ വ്യക്തി

ഫാ. ജസ്റ്റിന്‍ കാഞ്ഞൂതറ

ഫാ. ജസ്റ്റിന്‍ കാഞ്ഞൂതറ

പ്രവര്‍ത്തികള്‍ കൊണ്ട് ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് ജോസഫ്. സുവിശേഷത്തില്‍ തന്റേതായി വാക്കുകളൊന്നും രേഖപ്പെടുത്താത്ത വ്യക്തി. അദ്ദേഹം സുവിശേഷത്തിലും വായനക്കാരുടെ മനസ്സിലും അടയാളപ്പെടുത്തുന്നത് തന്റെ പ്രവര്‍ത്തികളാണ്. മനുഷ്യരോട് സംസാരിക്കുന്ന ജോസഫിനെ നാം സുവിശേഷത്തില്‍ കാണില്ല. എന്നാല്‍ ജോസഫിനോട് സംസാരിക്കാന്‍ ദൈവത്തിനും ദൈവത്തോട് സംസാരിക്കാന്‍ ജോസഫിനും ഏറെ ഇഷ്ടമായിരുന്നെന്നു തോന്നും വി. ഗ്രന്ഥത്തിലെ വിവരണം വായിക്കുമ്പോള്‍.

നസ്രത്തിലെ ഒരു പാവം മരപ്പണിക്കാരന്‍. പിറന്നത് ഇസ്രയേലിലെ ശക്തനായ ചക്രവര്‍ത്തി ദാവീദിന്റെ വംശത്തിലാണെങ്കിലും ചുറ്റുപാടുകള്‍ ദരിദ്രമാണെന്നു വേണം കരുതാന്‍. കാരണം സഞ്ചാരം ദരിദ്രന്റെ വാഹനമായ കഴുതയുടെ പുറത്തും, ദൈവാലയത്തില്‍ കാഴ്ചവെയ്ക്കുന്നത് പാവപ്പെട്ടവന്റെ കാഴ്ചയായ ചെങ്ങാലിപ്രാവുകളും, അഭിമുഖീകരിക്കുന്നത് ജീവിതത്തില്‍ മുഴുവന്‍ പ്രവാസവും ദാരിദ്ര്യവും സ്വന്തം നഗരമായ ബെത്‌ലെഹേമില്‍ ഒരു സത്രത്തില്‍ പോലും ഇടം കിട്ടാതെ കാലിത്തൊഴുത്തില്‍ ഇടം പിടിക്കേണ്ട നിവൃത്തികേടും. ഇവിടെ ജോസഫ് വൈരുദ്ധ്യമാവുകയാണ്. പുതിയനിയമ കാലത്തിന്റെ രാജപൈതൃകത്തിന്റെ വക്താവാകുയാണ്. കുലമഹിമയ്ക്കും അധികാരചിഹ്നങ്ങള്‍ക്കും ഉപരിയായി എളിമയും ശുശ്രൂഷയും ആവശ്യപ്പെടുന്ന പുതിയനിയമ ജനതയുടെ വക്തവാണദ്ദേഹം. അത് ആവശ്യപ്പെടുന്നതാകട്ടെ അധികാരത്തിന്റെ അന്ത:പുരങ്ങളില്‍ ശാന്തമായി അന്തിയുറങ്ങുക എന്നതല്ല മറിച്ച്, അശാന്തമായ രാത്രികളിലും അലച്ചിലുകളിലും ദരിദ്രന്റെയും പീഡിതന്റെയും നോവിലും പങ്കു ചേരുക എന്നുള്ളതാണ്.

സുവിശേഷങ്ങളുടെ ആരംഭം തന്നെ അദ്ദേഹത്തിന്റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളെ ഉറ്റുനോക്കിയാണല്ലോ. വി. ബൈബിളിലെ ക്രമമനുസരിച്ച് ആദ്യ സുവിശേഷമായ മത്തായി സുവിശേഷത്തിന്റെ ആരംഭത്തില്‍ രക്ഷാകരചരിത്രനാടകത്തിന്റെ തിരശീല ഉയരുമ്പോള്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച ചില മഹനീയ വ്യക്തികളുടെ പേരുകള്‍ രേഖപ്പെടുത്തിയ ശേഷം രംഗം ആരംഭിക്കുന്നത് ജോസഫിന്റെ ഉറക്കം നഷ്ടപ്പെട്ട കണ്ണുകളെ ഉറ്റു നോക്കിക്കൊണ്ടാണ്. ആകുലതകളുടെ രാവില്‍ അദ്ദേഹത്തിന് ആശ്വാസം നല്‍കുന്നത് ദൈവത്തിന്റെ ദൂതന്‍. മത്തായി സുവിശേഷത്തില്‍ ഉറക്കം നഷ്ടപ്പെടുത്തി പ്രാര്‍ത്ഥിക്കുന്ന മറ്റൊരിടം ഗത്സമേന്‍ തോട്ടം ആണ്. ദൈവപുത്രന്‍ രക്തം വിയര്‍ത്ത് ഏകനായി ഇരിക്കുന്ന ചിത്രം ഇവിടെ കാണാം. ബാല്യകാല വിവരണവും പീഡാനുഭവവിവരണവും സമാന്തരമായി ചിത്രീകരിച്ചിരിക്കുകയാണ് സുവിശേഷ രചയിതാവ്. ഗത്സമേനിയില്‍ യേശു അനുഭവിച്ച വേദനയ്ക്കു തുല്യമായിരിക്കണം ജോസഫ് അന്നേ രാവില്‍ അനുഭവിച്ചതെന്നു വ്യക്തം. ജോസഫും നീങ്ങുന്നത് ഉപേക്ഷയിലേക്കാണ്, എന്നാല്‍ ദൈവഹിതത്തോടുള്ള അനുസരണം അദ്ദേഹത്തെ പിന്തിരിപ്പിക്കുന്നു. ലൂക്കാ സുവിശേഷകന്റെ പീഡാനുഭവവിവരണത്തില്‍ യേശുവിനെ ആശ്വസിപ്പിക്കാന്‍ കടന്നു വരുന്നത് ദൈവദൂതനാണ്. ഏതൊരു മനുഷ്യനും സങ്കടകാലങ്ങളില്‍ അതിജീവനത്തിന്റെ കരുത്തു പകരുന്നത് മാതാപിതാക്കള്‍ ചിലഘട്ടങ്ങളില്‍ എടുത്ത ധീരമായ നിലപാടുകളാണ്. അത് അനുസരണത്തിന്റെയും ശ്രദ്ധയുടെയും വിവേകത്തിന്റെയും പാതയാണ്.

കേള്‍വികള്‍ ഉപേക്ഷിച്ച് കാഴ്ചകളെ തേടുകയാണ് ഇന്നത്തെ ലോകം. കേള്‍വി ശ്രദ്ധയും അനുസരണവും ആവശ്യപ്പെടുന്നതാണ്. എന്നാല്‍ കാഴ്ചകളുടെ ലോകം നിറപ്പകിട്ടുകളുടെയും ആകര്‍ഷണങ്ങളുടേതുമാണ്. ഇവ ആപത്തുകളിലേക്കാണ് കൂട്ടിക്കൊണ്ടു പോകുന്നതും. ഉല്‍പത്തി പുസ്തകത്തിന്റെ വിവരണത്തില്‍ കണ്ണിന് ഇമ്പകരമായതും രുചികരവുമെന്ന് തോന്നിക്കുന്നതിന്റെയും പുറകേ പോകുന്ന ആദിമമനുഷ്യന്റെ പിന്‍ഗാമികളാണ് യഥാര്‍ത്ഥത്തില്‍ ഇന്നത്തെ തലമുറ. ഇവിടെ വചനത്തിന്റെയും ശബ്ദത്തിന്റെയും വഴി പിന്തുടരുന്നവരുടെ വഴിയാണ് ജോസഫിന്റേത്. ആദ്യം ഈശ്വരന്റെ നാദവും പിന്നീട് ഗുരുവിന്റെ സ്വരവും തുടര്‍ന്ന് മാതാപിതാക്കളുടെ ചൊല്ലുകളും കേട്ട് നന്മയിലേക്ക് വളരുന്ന തലമുറ ഇവിടെ സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് ജോസഫ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദൈവത്തെയും മനുഷ്യനെയും അനുസരിച്ചു മുന്നോട്ടു പോകുന്നവര്‍ക്ക് വിഷമഘട്ടങ്ങളെ അതിജീവിക്കേണ്ടി വന്നെന്നു വരാം, എന്നാല്‍ അതു കൊണ്ട് നന്മ മാത്രമേ കൈവരുന്നുള്ളൂ. ഈയാംപാറ്റകളെപ്പോലെ നിറം പകിട്ടുകളില്‍ ജീവിതം കത്തിച്ചു തീര്‍ക്കുന്ന ഇന്നത്തെ തലമുറക്ക് തിരിച്ചു നടക്കാനുള്ള പടിയാകണം ജോസഫിന്റെ ജീവിതം. ജോസഫിന്റെ മാതൃകയും ജോസഫിനെപ്പോലുള്ളവരുടെ മാതൃകയും നമുക്കിന്ന് ആവശ്യമാണെന്നര്‍ത്ഥം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.