വി. യൗസേപ്പും ആവിലായിലെ വി. അമ്മ ത്രേസ്യായും

വി. യൗസേപ്പിതാവിനോടുള്ള ഭക്തി ആവിലായിലെ വി. അമ്മ ത്രേസ്യായുടെ ആത്മീയജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. ‘പ്രാര്‍ത്ഥനയുടെ വേദപാരംഗത’ എന്നറിയപ്പെട്ടിരുന്ന അമ്മ ത്രേസ്യാ, മരണകാരണമായ രോഗത്തില്‍ നിന്നു സുഖപ്പെടാന്‍ കാരണം വി. യൗസേപ്പിതാവിന്റെ ശക്തമായ മാദ്ധ്യസ്ഥമാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. കര്‍മ്മലീത്താ സഭയുടെ നവീകരണത്തിനായി അക്ഷീണം പ്രയ്‌നിച്ച അമ്മ, താന്‍ സ്ഥാപിച്ച മഠങ്ങള്‍ക്ക് വി. യൗസേപ്പിതാവിന്റെ പേരാണ് നല്‍കിയിരുന്നത്.

മഹാനായ യൗസേപ്പിതാവിനെപ്പറ്റി അമ്മ ത്രേസ്യാ ഇപ്രകാരം എഴുതിയിരിക്കുന്നു: “ഭാഗ്യപ്പെട്ട വി. യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ എല്ലാവരെയും നയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ നേടിത്തരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നതിന് എനിക്ക് നിരവധി അനുഭവങ്ങളുണ്ട്. ഞാന്‍ അപേക്ഷിച്ച എന്തെങ്കിലും അദ്ദേഹം സാധിച്ചുതരാത്തതായി എന്റെ ഓര്‍മ്മയിലില്ല. ശ്രേഷ്ഠനായ ഈ വിശുദ്ധനിലൂടെ ദൈവം എന്നില്‍ വര്‍ഷിച്ച വലിയ നന്മകളെ ഓര്‍ത്തും ശാരീരികവും മാനസികവുമായ ആപത്തുകളില്‍ നിന്ന് എന്നെ വിമോചിച്ചതിനെ ഓര്‍ത്തും ഞാന്‍ ആശ്ചര്യഭരിതയാകുന്നു. മറ്റെല്ലാ വിശുദ്ധര്‍ക്കും നമ്മുടെ ചില ആവശ്യങ്ങളില്‍ നമ്മളെ സഹായിക്കാന്‍ ദൈവം കൃപ നല്‍കുന്നതായി കാണുന്നു. പക്ഷേ എന്റെ അനുഭവത്തിന്‍ വി. യൗസേപ്പ് പിതാവ് എല്ലാ ആവശ്യങ്ങളിലും നമ്മെ സഹായിക്കുന്നു

വി. യൗസേപ്പിതാവിനോട് മാദ്ധ്യസ്ഥ്യം തേടാന്‍ ഞാന്‍ ഉപദേശിച്ച മറ്റു വ്യക്തികള്‍ക്കും ഇതേ അനുഭവമാണ് ഉള്ളത്. ദൈവസ്‌നേഹത്താല്‍ എനിക്ക് നിങ്ങളോട് ഒരു അപേക്ഷയേയുള്ളൂ. യൗസേപ്പിനോടുള്ള ഭക്തിയില്‍ വളരുക. ഭാഗ്യപ്പെട്ട പിതാവായ യൗസേപ്പിന് തന്നെത്തന്നെ സമര്‍പ്പിച്ച് അവനോടുള്ള ഭക്തിയില്‍ വളര്‍ന്ന് അവന്‍ നല്‍കുന്ന വലിയ അനുഗ്രഹങ്ങള്‍ അനുഭവിച്ചുതുടങ്ങുമ്പോള്‍ എന്നെ വിശ്വസിക്കാത്തവര്‍ പോലും ഞാന്‍ പറയുന്ന ഈ കാര്യങ്ങള്‍ പരിശോധിക്കും.”

ഈ ആഹ്വാനത്തോടെയാണ് തിരുസഭ കണ്ട ഏറ്റവും വലിയ പ്രാര്‍ത്ഥനയുടെ അദ്ധ്യാപിക യൗസേപ്പിതാവിനെക്കുറിച്ചുള്ള വാക്കുകള്‍ അവസാനിപ്പിക്കുക.

ഫാ. ജെയ്സണ്‍ കുന്നേല്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.