ദൈവികവരങ്ങളുടെ ഉപാസകനായ യൗസേപ്പിതാവ്

കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് പ്രസാദവരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തിന് ഒരു വെല്ലുവിളിയാണ് ദൈവികവരങ്ങളുടെ നിറകുടമായിരുന്ന വി. യൗസേപ്പിതാവ്. ഫലം തരാത്ത അത്തിമരത്തെ യേശു ശപിക്കുന്നതായി വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. ദൈവപിതാവ് അനുഗ്രഹിച്ച് ഈ ഭൂമിയിലേയ്ക്ക് അയച്ച എല്ലാവരിൽ നിന്നും പ്രത്യക്ഷത്തിലും പരോക്ഷത്തിലും ഫലം പ്രതീക്ഷിക്കുന്നു. വി. യൗസേപ്പിതാവിന്റെ കാര്യത്തിൽ പിതാവായ ദൈവത്തിന് പൂർണ്ണസംതൃപ്തിയായിരുന്നു. അതിനാൽ
ദൈവപിതാവ് യൗസേപ്പിതാവിലേയ്ക്ക് ഒഴുക്കിയ പ്രസാദവരങ്ങൾക്ക് അതിരുകളില്ലായിരുന്നു.

ജീവിതം മുഴുവൻ തനിക്ക് ദൈവം ദാനമായി തന്ന പ്രസാദവരങ്ങൾ തിരിച്ചറിഞ്ഞ് അതിന് പ്രത്യുത്തരം നൽകി ജീവിച്ചപ്പോൾ യൗസേപ്പിതാവിന് സ്വപ്നത്തിലൂടെയുള്ള ദൈവദൂതന്റെ ഇടപെടലിനെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. കാരണം ദൈവികസ്വരങ്ങളായിരുന്നു അവന്റെ ജീവിതം ക്രമപ്പെടുത്തിയിരുന്നത്. തന്റെ ആന്തരികനേത്രങ്ങളെ സദാസമയവും പിതാവിങ്കലേയ്ക്ക് ഉയർത്തി, താൻ ചരിക്കുന്ന വഴികളെ തെറ്റായ മാർഗ്ഗത്തിൽ ചലിപ്പിക്കാതെ വളരെ സൂക്ഷ്മതയോടെയാണ് യൗസേപ്പ് ജീവിച്ചത്. ദൈവം ദാനമായി നൽകിയ ജീവിതം വിശ്വസ്തതയോടും നീതിയോടും സൗമ്യതയോടും കളങ്കമേല്പിക്കാതെയും ജിവിക്കുവാൻ വി. യൗസേപ്പിതാവ് നിരന്തരം പരിശ്രമിച്ചിരുന്നു.

ചെറുപ്പം മുതലേ ദൈവവചനത്തിന്റെ എളിയദാസിയായി വേല ചെയ്ത പരിശുദ്ധ മറിയത്തെപ്പോലെ, പഴയനിയമ ഗ്രന്ഥത്തിലെ ദൈവികവെളിപാടുകളെ വി. യൗസേപ്പ് ആവോളം മനനം ചെയ്തതതിനാലാണ് ദൈവകൃപയുടെ ഉപസാകനാകാൻ വി. യൗസേപ്പിനു സാധിച്ചത്. എളിമ എന്ന പുണ്യത്തെ ജീവിതത്തിന്റെ ഭാഗമാക്കി, തന്റെ പ്രവർത്തിമണ്ഡലത്തിൽ അതിനെ എങ്ങനെ നൂറിരട്ടയായി വർദ്ധിപ്പിച്ച് ജീവിക്കാമെന്ന് യൗസേപ്പിതാവ് കാണിച്ചുതന്നു. ലോകത്തിൽ നന്മ നിറഞ്ഞവരായി മാറാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കു ലഭിച്ച കൃപവരങ്ങളെ യൗസേപ്പിതാവ് ജീവിച്ചതുപോലെ നമുക്കു ജീവിക്കാം.

ദുരിതങ്ങളും പ്രതിസന്ധികളും ഏറെ ഉണ്ടായിരുന്നിട്ടും ദൈവം ദാനമായി നൽകിയ പ്രസാദവരങ്ങളിൽ മായം ചേർക്കുവാൻ വി. യൗസേപ്പ് തയ്യറായില്ല. നീതിയുടെയും എളിമയുടെയും വഴികളെ സ്വർഗ്ഗത്തിലേയ്ക്ക് ചവിട്ടിക്കയറാനുള്ള ഗോവണിയാക്കി അദ്ദേഹം മാറ്റി. ദൈവികവരങ്ങളുടെ ഉപാസകനായ യൗസേപ്പിതാവ്, പ്രസാദവരപൂർണ്ണതയിൽ ജീവിക്കാൻ നമുക്ക് പ്രചോദനം നൽകട്ടെ.

റവ. സി.റോസ്ന തോപ്പിൽ DM

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.