നന്മരണത്തിനായി വി. യൗസേപ്പിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാം

മരണത്തെക്കുറിച്ചുള്ള ചിന്ത പലപ്പോഴും നമ്മില്‍ ആശങ്കയും ആകുലതയും നിറയ്ക്കും. മരണശേഷം എന്താണ് നമ്മുടെ ആത്മാവിന് സംഭവിക്കുക എന്നതിനെക്കുറിച്ച് അറിവില്ലാത്തതാണ് പലപ്പോഴും നമ്മെ ആകുലപ്പെടുത്തുന്ന പ്രധാന കാര്യം. മരണത്തെക്കുറിച്ചുള്ള നമ്മുടെ ഭയമകറ്റുന്നതിനായി ഒരാള്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കും – നന്മരണ മദ്ധ്യസ്ഥനായ വി. യൗസേപ്പ് പിതാവിന്.

വി. യൗസേപ്പിന്റെ മരണത്തെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമില്ലെങ്കിലും ദൈവശാസ്ത്ര പണ്ഡിതരില്‍ പലരും പറയുന്നത്, ഈശോയുടെ മരണത്തിനു മുമ്പ് വി. യൗസേപ്പ് മരിച്ചിരുന്നു എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ വി. യൗസേപ്പ് മരിച്ചത് ഈശോയുടെയും മറിയത്തിന്റെയും സാന്നിധ്യത്തിലായിരുന്നു. അതായത്, ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും മനോഹരമായ മരണം. അതു തന്നെയാണ് വി. യൗസേപ്പിനെ നന്മരണ മദ്ധ്യസ്ഥന്‍ എന്നു വിളിക്കാനുള്ള കാരണവും.

അതുകൊണ്ട്, മരണത്തെക്കുറിച്ച് ഭയം തോന്നുമ്പോള്‍, വി. യൗസേപ്പിനോട് നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കാം: ‘അനുഗ്രഹീതനായ പിതാവേ, ഈശോയുടെയും പരിശുദ്ധ മറിയത്തിന്റെയും സാന്നിധ്യത്തില്‍ അവസാനശ്വാസം ഉതിര്‍ക്കാന്‍ ദൈവം അങ്ങേയ്ക്ക് കൃപ നല്‍കിയല്ലോ. വിശുദ്ധനായ പിതാവേ, അങ്ങേ യോഗ്യതയാല്‍ ഇത്തരമൊരു വിശുദ്ധ മരണം പ്രാപിക്കാനുള്ള വരം എനിക്കും ദൈവത്തോട് യാചിച്ച് നേടിത്തരണമേ. ഈശോ-മറിയം-യൗസേപ്പേ, നിങ്ങളുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഭരമേല്‍പ്പിക്കുന്നു എന്ന് മന്ത്രിച്ചുകൊണ്ട് മരണം വരിക്കാനും എനിക്ക് ഇടയാകട്ടെ. ആമ്മേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.